ഇനിയും അംഗീകാരം ലഭിക്കാതെ മങ്കട ചേരിയം ഹൈസ്‌കൂള്‍

Posted on: July 9, 2015 10:34 am | Last updated: July 9, 2015 at 10:34 am

മങ്കട: 2013ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ആര്‍ എം എസ് എ സ്‌കീമില്‍ ആരംഭിച്ച മങ്കടയിലെ ചേരിയം ഹൈസ്‌കൂള്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ബാധ്യതയാകുന്നു. ചേരിയത്ത് നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ യു പി സ്‌കൂളാണ് ഈ പദ്ധതിയില്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.
എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചാല്‍ ഒന്‍പത് തുടങ്ങുമ്പോഴേക്ക് അംഗീകാരം ലഭിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇതുമൂലം 2013ലെ അധ്യാപക ശമ്പളം പി ടി എ കമ്മിറ്റി പിരിവെടുത്ത് നല്‍കുകയായിരുന്നു. എന്നാല്‍ 2014ലും അംഗീകാരം ലഭിച്ചില്ല. ഇതിനാല്‍ രക്ഷിതാക്കളില്‍ നിന്ന് കുട്ടികളുടെ ഫീസായി വാങ്ങുകയും മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം ലഭിക്കുമ്പോള്‍ കിട്ടുന്ന ശമ്പളം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കുന്ന വ്യവസ്ഥയില്‍ കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്തു. എന്നാല്‍ ഈ ജൂണിലും സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതില്‍ നാട്ടുകാരും രക്ഷിതാക്കളും ഏറെ പ്രകോപിതരാണ്. സര്‍ക്കാര്‍ സ്‌കൂളിന് വേണ്ടി ഒരു ചില്ലിക്കാശ് പോലും തങ്ങള്‍ ഫീസായി നല്‍കില്ലെന്ന് രക്ഷിതാക്കള്‍ കഴിഞ്ഞ പി ടി എ മീറ്റിംഗില്‍ അറിയിച്ചതോടെ രക്ഷാകര്‍തൃ സമിതിയും വാര്‍ഡ് മെമ്പറടക്കമുള്ള തദ്ദേശസ്വയംഭരണക്കാരും ഏറെ ആശങ്കയിലാണ്. അംഗീകാരമില്ലാതെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകള്‍ നടക്കുന്ന ഈ വിദ്യാലയത്തില്‍ 153 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ വര്‍ഷം എസ് എസ് എല്‍ സി എഴുതുന്ന വിദ്യാര്‍ഥികളുടെ പരീക്ഷയും അംഗീകാരമില്ലാത്തതിനാല്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. അധ്യാപകരുടെ ശമ്പളം അംഗീകാരം ലഭിക്കുന്നത് വരെ തന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് വാര്‍ഡ് അംഗം കളത്തില്‍ മുഹമ്മദലി രക്ഷാകര്‍തൃമീറ്റിംഗില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രതിമാസം ഭീമമായ ഈ തുക കണ്ടെത്താന്‍ ഇയാള്‍ക്ക് എങ്ങനെ കഴിയുമെന്നതില്‍ പി ടി എക്കും ആശങ്കയുണ്ട്.
2013ല്‍ സംസ്ഥാനത്ത് മൊത്തം 34 യു പി സ്‌കൂളുകള്‍ ഈ പദ്ധതി പ്രകാരം ഹൈസ്‌കൂളാക്കിയതില്‍ 12 എണ്ണം ജില്ലയിലാണ്. അംഗീകാരത്തിന്റെ വിഷയത്തില്‍ ഇവയെല്ലാം സര്‍ക്കാറിന്റെ ഔദാര്യം കാത്തുകഴിയുകയാണ്.