അരക്കുപറമ്പ് പഞ്ചിളിയന്‍ കോളനിക്കാര്‍ക്ക് കാലങ്ങളായി പട്ടയമില്ലെന്ന് പരാതി

Posted on: July 9, 2015 10:33 am | Last updated: July 9, 2015 at 10:33 am

പെരിന്തല്‍മണ്ണ: അരക്കുപറമ്പ് പഞ്ചിളിയന്‍ കോളനിയിലെ തുച്ചമായ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന ഏതാനും ഭൂവുടമകള്‍ക്ക് കാലങ്ങളായി പട്ടയം അനുവദിച്ച് നല്‍കിയില്ലെന്ന് പരാതി.
അരക്കുപറമ്പ് വില്ലേജിലെ 159/1 എന്ന സര്‍വെ നമ്പറിലുള്ള 70 ഓളം കോളനിവാസികള്‍ക്കാണ് പട്ടയം ലഭിക്കാത്തത്. കാലങ്ങളായി ഇക്കൂട്ടര്‍ അവരുടെ ഭൂമിക്ക് നികുതിയടച്ച് കൈവശം വെക്കുന്നവരാണ്. അരക്കുപറമ്പ് വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ആര്‍ ഡി ഒ, ജില്ലാ കലക്ടര്‍, റവന്യൂ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, മുഖ്യമന്ത്രിയുടെ സുതാര്യ കേരളം, മെയ് 16ന് മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി എന്നിവിടങ്ങളിലെല്ലാം നിവേദനങ്ങളും അപേക്ഷകളും നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഇനിയും ആയിട്ടില്ല.
ഇതിന് ശേഷം ആര്‍ ഡി ഒയെ വീണ്ടും ചെന്ന് കണ്ടപ്പോള്‍ ലാന്റ്‌ബോര്‍ഡ് മെമ്പറുടെ കാലാവധി കഴിഞ്ഞ 2014 സെപ്തംബര്‍ 14ന് കഴിഞ്ഞുവെന്നും പുതിയ മെമ്പറെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല എന്ന മറുപടിയാണത്രെ ലഭിച്ചത്. അതേ സമയം ഈ സര്‍വെ നമ്പറില്‍ ഏക്കര്‍ കണക്കിന് ഭൂമിയുള്ളവര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സാധാരണക്കാരോട് ചെയ്യുന്ന ഈ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെട്ടു. മുന്‍ ആര്‍ ഡി ഒക്ക് പരാതി കൊടുത്തതനുസരിച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പഞ്ചിളിയന്‍ കോളനിവാസികള്‍ പറയുന്നു.