വാഴപ്പഴത്തിലും കീടനാശിനി

Posted on: July 9, 2015 10:21 am | Last updated: July 9, 2015 at 10:21 am
SHARE

BANANAചാവക്കാട്;അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ക്കൊപ്പം വാഴപ്പഴങ്ങളിലും മാരകമായ കീടനാശിനി പ്രയോഗമെന്നു റിപ്പോര്‍ട്ട്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വാഴപ്പഴത്തിലാണ് അമിതമായ തോതില്‍ കീടനാശിനി പ്രയോഗിക്കുന്നത്. വാഴക്കന്നു നടുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ ഓരോഘട്ടത്തിലും അമിതമായ തോതിലാണ് കീടനാശിനി ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പോലെത്തന്നെ മാരകമായ ഫ്യൂരിഡാന്‍, സെമിന്‍, ഫോറേറ്റ് തുടങ്ങിയ കീടനാശിനികളാണ് വാഴകൃഷിയില്‍ ഉപയോഗിക്കുന്നത്.
വാഴക്കന്നുകളില്‍ കീടബാധ ഉണ്ടാകാതിരിക്കാന്‍ മണിക്കൂറുകളോളം വിഷലായനിയില്‍ മുക്കിവച്ച ശേഷമാണു നടുന്നത്. ഇലവരാന്‍ തുടങ്ങിയാല്‍ രോഗബാധ തടയാനും കീടങ്ങളെ അകറ്റാനുമായി മോണോക്രോട്ടോഫെഡ്, മലത്തിയോണ്‍ ഇനത്തിലുള്ള മാരകവിഷം കുത്തിവയ്ക്കുകയും ചെയ്യുന്നു. കുലച്ചു കഴിഞ്ഞാല്‍ പഴങ്ങള്‍ക്കു തൂക്കവും അഴകും ഉണ്ടാകാനും വിഷപ്രയോഗം നടത്തുന്നുണ്ട്. വാഴക്കൂമ്പ് ഒടിച്ചുകളഞ്ഞ് യൂറിയ കെട്ടിവച്ചാണ് കുലയുടെ തൂക്കം വര്‍ധിപ്പിക്കുക.
തുടര്‍ന്നു വിപണിയിലെത്തുന്ന കുലകള്‍ ഒരുമിച്ചു പഴുപ്പിക്കാന്‍ മാരകവിഷമായ കാര്‍ബൈഡുകള്‍ വിതറുകയും ചെയ്യുന്നു. കാര്‍ബൈഡുകളുടെ ഉപയോഗം രക്താര്‍ബുദം ഉള്‍പ്പെടെയുള്ളവക്കും കാരണമാകുമെന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിത്തോട്ടങ്ങളില്‍ വളമായും കീടനാശിനിയായും ഉപയോഗിക്കുന്ന വിഷപദാര്‍ഥങ്ങള്‍ വര്‍ഷങ്ങളോളം മണ്ണില്‍കിടക്കുന്നതുവഴി വന്‍ പാരിസ്ഥിക പ്രശ്‌നത്തിനും വഴി വെച്ചേക്കും.