ചൈനയിലെ യുവാക്കള്‍ക്കിടയില്‍ ഏറ്റവും വേരോട്ടമുള്ള മതം ഇസ്‌ലാം: സര്‍വേ

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:34 am

ബീജിംഗ്: കമ്യൂണിസ്റ്റ് ആശയങ്ങള്‍ ശക്തമായി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചൈനയിലെ യുവാക്കള്‍ക്കിടയില്‍ ഇസ്‌ലാം പടര്‍ന്നുപിടിക്കുന്നതായി പഠനം. മുപ്പത് വയസ്സിന് താഴെയുള്ളവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്‌ലാം മതവിശ്വാസികളാണെന്ന് ചൈനയിലെ മതവിശ്വാസികളെക്കുറിച്ച് നാഷനല്‍ സര്‍വേ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായി. ചൈനയിലെ ബുദ്ധിസം, താവോയിസം, കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ഇസ്‌ലാം എന്നീ മതങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ യുവാക്കള്‍ ഏറ്റവും കൂടുതലുള്ളത് ഇസ്‌ലാം മതത്തോടൊപ്പമാണ്. മുസ്‌ലിം വിശ്വാസികളുടെ മൊത്തം എണ്ണത്തില്‍ 22.4 ശതമാനം പേരും യുവാക്കളാണ്. 22 ശതമാനത്തോടെ കത്തോലിക്ക വിശ്വാസികള്‍ രണ്ടാം സ്ഥാനത്തുണ്ട്. 60 വയസ്സിന് മുകളിലുള്ള മതവിശ്വാസികളുടെ എണ്ണം നോക്കുമ്പോള്‍ ബുദ്ധമതവും താവോ മതവും മുന്നിലാണ്. 60 വയസ്സിന് മുകളിലുള്ള ബുദ്ധമതവിശ്വാസികള്‍ 54.6 ശതമാനവും താവോ വിശ്വാസികള്‍ 53.8 ശതമാനവുമാണ്. മതങ്ങളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത് ഇസ്‌ലാമിനാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
20 മില്യനിലധികം മുസ്‌ലിംകള്‍ ചൈനയിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരു വിഭാഗം ഉയ്ഗൂര്‍ വംശജരായ മുസ്‌ലിംകളാണ്. ഇവര്‍ക്ക് തൊട്ടുപിറകില്‍ ഹൂയ് വംശജരായ മുസ്‌ലിംകളും ഉണ്ട്. വര്‍ഷങ്ങളായി ഉയ്ഗൂര്‍ വംശജര്‍ക്കെതിരെ ചൈനയിലെ ബുദ്ധമത തീവ്രവാദികളും സര്‍ക്കാറും ക്രൂരമായാണ് പെരുമാറുന്നത്. ചൈനയില്‍ ഏറ്റവും കുടുതല്‍ ആരാധനാ സ്ഥലങ്ങള്‍ ഉള്ളത് പ്രോട്ടസ്റ്റന്റ് വിഭാഗത്തിനാണ്.
ചൈനീസ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് മതങ്ങള്‍ക്കെതിരെയും മതവിശ്വാസങ്ങള്‍ക്കെതിരെയും ശക്തമായ എതിര്‍പ്പുകളുണ്ടെങ്കിലും മതവിശ്വാസികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.