വേണ്ടിവന്നാല്‍ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാന്‍

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:26 am

 

ഇസ്‌ലാമാബാദ്: യുദ്ധമുണ്ടായാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാന്റെ ഭീഷണി. ആണവായുധങ്ങള്‍ കാഴ്ചവസ്തുവല്ലെന്നും വേണ്ടിവന്നാല്‍ പ്രയോഗിക്കാനുള്ളതാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യുദ്ധഭീഷണി ഒന്നുമില്ല. എന്നാല്‍, ആ സാഹചര്യം അവസാനിക്കുന്നില്ല. ആണവായുധം ഉപയോഗിക്കേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തരുതേ എന്നാണ് പ്രാര്‍ഥന. അതിര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ അണുവായുധം ഉപയോഗിക്കാന്‍ പ്രാപ്തമാണ് പാക്കിസ്ഥാനെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. ബലൂച് വിഘടന വാദികള്‍ക്കും പാക് തെഹ്‌രികി താലിബാനും ഇന്ത്യ സഹായം ചെയ്യുന്നതായുള്ള തെളിവുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ട്. അത് ആവശ്യമുള്ളിടത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
നാളെ റഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. യുഫയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരുവരും റഷ്യയില്‍ എത്തിയത്.