Connect with us

Kasargod

പനിബാധിതരുടെ എണ്ണം പെരുകി; ആവശ്യത്തിന് ഡോക്ടര്‍മാരെ ഇനിയും നിയമിച്ചില്ല

Published

|

Last Updated

കാസര്‍കോട്: പനി ബാധിച്ചുള്ള മരണവും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പെരുകിയിട്ടും ജില്ലയിലെ ഒട്ടുമിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഡെങ്കിപ്പനി അടക്കമുള്ള മാരക പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ പി എച്ച് സികളുടെയും സി എച്ച് സികളുടെയും പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ അവസ്ഥയിലാണ്. വെള്ളരിക്കുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തുമൂലം രോഗികള്‍ കടുത്ത ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസം രാവിലെ ഇവിടെ ചികിത്സതേടി എത്തിയത് 200 ഓളം രോഗികളാണ്. ഇവിടെ അഞ്ച് ഡോക്ടര്‍മാരുടെ തസ്തികയുണ്ട്. ഇവരില്‍ ഒരാള്‍ സ്ഥലംമാറിപ്പോയി. മറ്റൊരു ഡോക്ടര്‍ ആരോഗ്യവകുപ്പിന്റെ യോഗത്തിനെന്ന് പറഞ്ഞ് സ്ഥലം വിട്ടു. അവശേഷിക്കുന്ന രണ്ട് ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കുന്നത്.
വെള്ളരിക്കുണ്ട് ആശുപത്രിയില്‍ മിക്കദിവസങ്ങളിലും ഡോക്ടര്‍മാര്‍ കൃത്യസമയത്ത് എത്താറില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു. അതുപോലെ മുളിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുന്നതും പതിവാണ്.
കരിന്തളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന് മാത്രമല്ല അത്യാവശ്യമരുന്നുകള്‍ പോലുമില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കിയിരുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പോലും ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്.

Latest