Connect with us

International

ഇറാന്‍ ആണവ കരാര്‍: സമയ പരിധി വീണ്ടും നീട്ടി

Published

|

Last Updated

ആണവകരാറിലെത്തുന്നതിന് ഇറാനും ആറ് ലോക രാജ്യങ്ങളും തമ്മില്‍ വിയന്നയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

വിയന്ന: ആണവ കരാറിലെത്തുന്നതുമായി ബന്ധപ്പെട്ട് ഇറാനും ആറ് ലോക രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ സമയപരിധി വീണ്ടും നീട്ടി. ഇന്നലെയായിരുന്നു ആണവ കരാറിലെത്താനുള്ള രണ്ടാമത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇറാനും ലോക രാജ്യങ്ങള്‍ക്കുമിടയില്‍ ചില നിര്‍ണായക വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെയും കരാറിലെത്താന്‍ സാധിച്ചിട്ടില്ല. ചര്‍ച്ച അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നീട്ടിവെക്കുന്നതായി യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ഫെഡറിക് മോഗേരിനി പറഞ്ഞു. ഇറാന്‍ ,ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യു എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വിയന്നയിലെ ചര്‍ച്ചയില്‍ പങ്കാളികളാകുന്നുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ചര്‍ച്ച പുനരാരംഭിക്കുമ്പോള്‍ തന്നെ, സമയപരിധി നീട്ടിവെക്കേണ്ടിവരുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരത്തിലെത്താനായില്ലെങ്കില്‍ ലോകം അവസാനിക്കുകയില്ലെന്നും ഇനിയും സമയം ചര്‍ച്ചകള്‍ക്ക് ബാക്കി കിടക്കുന്നുണ്ടെന്നും ഒരു ഇറാന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഇറാനും ലോക രാജ്യങ്ങള്‍ക്കും ഇടയില്‍ ആണവകരാറിലെത്തുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് ഇറാന് മേലുള്ള മിസൈല്‍ ഉപരോധ വിഷയത്തിലും ആയുധ ഉപരോധ വിഷയത്തിലുമാണ്. തങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ട മിസൈല്‍ ഉപരോധം പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുമ്പോള്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ ആറ് ലോക രാജ്യങ്ങള്‍ മുന്നോട്ടുവരുന്നില്ല. ആണവ വിഷയവുമായി ബന്ധപ്പെടുത്തേണ്ട ഒന്നല്ല മിസൈല്‍ ഉപരോധമെന്നും ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് ആയുധ ഉപരോധം പിന്‍വലിക്കണമെന്ന ശക്തമായ ആവശ്യം ഇറാന്‍ മുന്നോട്ടുവെക്കുന്നുണ്ട്.
അതേസമയം, ആണവ കരാറില്‍ കാര്യമായ പുരോഗതിയുണ്ടായതായി ഇരു വിഭാഗവും സമ്മതിക്കുന്നുണ്ട്. നിര്‍ണായകമായ ചില വിഷയങ്ങളില്‍ തട്ടിയാണ് ഇപ്പോള്‍ ആണവ കരാര്‍ സംബന്ധിച്ച അവസാന തീരുമാനത്തിലെത്താന്‍ കഴിയാത്തത്.
2014 ജൂലൈ ആയിരുന്നു ആണവ കരാറിലെത്താന്‍ ആദ്യമായി മുന്നോട്ടുവെച്ച സമയപരിധി. ഇതിന് ശേഷം ഇത് നവംബറിലേക്ക് നീട്ടി. എന്നാല്‍ 2015 ഏപ്രില്‍ മാസത്തോടെ മാത്രമാണ് കരാര്‍ സംബന്ധിച്ച ഒരു രൂപരേഖയിലെങ്കിലും എത്താന്‍ സാധിച്ചത്. ഇതിന് ശേഷം ജൂണ്‍ 30 ആയിരുന്നു അവസാന തീയതി. ഇത് വീണ്ടും ജൂലൈ ഏഴിലേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ ഇപ്പോഴും കരാറിലെത്താന്‍ ലോക രാജ്യങ്ങള്‍ക്കായിട്ടില്ല.