അശ്വാരൂഢ പ്രദര്‍ശനം സെപ്തംബര്‍ ഒമ്പത് മുതല്‍ 12 വരെ

Posted on: July 7, 2015 6:00 pm | Last updated: July 7, 2015 at 6:18 pm
SHARE

DSC_5680 (1)
അബുദാബി: അശ്വാരൂഢ പ്രദര്‍ശനം സെപ്തംബര്‍ ഒമ്പത് മുതല്‍ 12 വരെ അബുദാബി അന്താരാഷ്ട്ര എക്‌സ്ബിഷന്‍ സെന്ററില്‍ നടക്കും. നായാട്ടിന്റെ ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഫോട്ടോയും ചിത്രകാരന്മാര്‍ വരച്ച സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കുന്ന ചിത്രങ്ങളും നായാട്ടിനെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പത്രത്താളുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം മത്സ്യ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളാണ് പ്രദര്‍ശനത്തില്‍ എത്തിക്കുക.
അബുദാബി സാംസ്‌കാരിക പൈതൃക വകുപ്പിന്റെ കീഴിലാണ് പ്രദര്‍ശനം. 2003 മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. 14 രാജ്യങ്ങളില്‍ നിന്നുള്ള 40 കമ്പനികളാണ് 6,000 സ്‌ക്വയര്‍ മീറ്ററില്‍ ഒരുക്കിയ പ്രഥമ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. 40,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ കഴിഞ്ഞ വര്‍ഷം ഒരുക്കിയ പ്രദര്‍ശനത്തിന് 48 രാജ്യങ്ങളില്‍ നിന്നുള്ള 640 കമ്പനികള്‍ പങ്കെടുത്തു.
അശ്വാരൂഢന്‍ പ്രദര്‍ശനത്തില്‍ നായാട്ടിനായി ഉപയോഗിക്കുന്ന മൃഗങ്ങളായ പട്ടി, കുതിര, കഴുത, ഫാല്‍ക്കണ്‍ എന്നിവയാണ് പ്രധാനമായുമുണ്ടാവുക. പ്രദര്‍ശനത്തിന് പുറമെ വില്‍പനയും ഒരുക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര എക്‌സിബിഷന്‍ ഡയറക്ടര്‍ അബൂ അബ്ദുല്ല ബൂത്തി അല്‍ ഖുബൈസി വ്യക്തമാക്കി.