നിര്‍ദിഷ്ട ശ്രീചിത്തിര മെഡിക്കല്‍ സെന്ററിനായി ശ്രമം തുടരും- എം ഐ ഷാനവാസ് എം പി

Posted on: July 7, 2015 8:12 am | Last updated: July 7, 2015 at 8:12 am
SHARE

കല്‍പ്പറ്റ: വയനാട്ടില്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ശ്രീചിത്തിര മെഡിക്കല്‍ സെന്ററിനു വേണ്ടി ഒന്നുകൂടി പരിശ്രമിക്കുമെന്ന് എം ഐ ഷാനവാസ് എം പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീചിത്തിര സെന്ററിനായി കണ്ടെത്തിയ ബോയ്‌സ്ടൗണിലെ ഗ്ലെന്‍ലെവന്‍ എസ്‌റ്റേറ്റ് ഭൂമി സംബന്ധിച്ച് നിലവില്‍ കോടതിയില്‍ കേസുള്ളതാണ് തുടര്‍ നടപടികള്‍ക്ക് തടസമായിരിക്കുന്നത്. ഈ കേസ് നീങ്ങിയാല്‍ ശ്രീചിത്തിര സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. വേറെ ഭൂമിയില്‍ ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാനുള്ള സാധ്യതയും പരിശോധിക്കും. വയനാടിന് ശ്രീചിത്തിര സെന്റര്‍ നഷ്ടപ്പെടുമെന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. ഇനിയും സാധ്യതയുണ്ട്- എം.പി. പറഞ്ഞു. ശ്രീചിത്തിരക്കു വേണ്ടി പതിനഞ്ചിലധികം സ്ഥലങ്ങള്‍ പരിഗണിച്ചിരുന്നു. പ്രഥമ പരിഗണനയുണ്ടായിരുന്നത് പ്രിയദര്‍ശിനി എസ്‌റ്റേറ്റ് ഭൂമിക്കായിരുന്നു. ആദിവാസി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഉപേക്ഷിച്ച് ഗ്ലെന്‍ലെവന്‍ എസ്‌റ്റേറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചപ്പോഴാണ് ഭൂമിക്ക് നിയമക്കുരുക്കുണ്ടെന്ന് വ്യക്തമായത്. ഈ സ്ഥലം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന നിലപാടില്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടാണ്മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടത്. ഇതിനെതിരേയാണ് സ്ഥലം കൈവശക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രിസഭയില്‍ മുമ്പുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ ചെയര്‍മാനും വയനാട്ടില്‍ ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനോടു താല്‍പര്യമുണ്ടായിരുന്നു. ഭരണം മാറിയതോടെ ഉദ്യോഗസ്ഥരും മന്ത്രിമാരും മാറി. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ ചെയര്‍മാനും മാറി. ഇതും ഒരു പ്രശ്‌നമാണെന്ന് ഷാനവാസ് എം പി പറഞ്ഞു.
താനടക്കമുള്ളവരുടെ കഠിന പ്രയത്‌നം കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും എം പി പറഞ്ഞു. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയും മറ്റ് യു ഡി എഫ്, കോണ്‍ഗ്രസ് നേതാക്കളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഈ വിഷയത്തില്‍ ഏറ്റവുമധികം താല്‍പര്യമെടുത്തത്. ജില്ലാ കലക്ടര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അദേഹം ഒരു ഉദ്യോഗസ്ഥനെന്ന രീതിയിലുള്ള കടമ മാത്രമേ നിര്‍വഹിച്ചിട്ടുള്ളുവെന്നായിരുന്നു എം പിയുടെ പ്രതികരണം. രാഷ്ട്രീയപരമായ തീരുമാനമാണ് പ്രധാനം. അതിന് ജനപ്രതിനിധികളാണ് മുന്‍കയ്യെടുത്തത്. സ്വകാര്യ മെഡിക്കല്‍ കോളജിനു വേണ്ടി വയനാട് ഗവ. മെഡിക്കല്‍ കോളജിന് താന്‍ തടസം നിന്നുവെന്ന ആരോപണം ശരിയല്ലെന്നും എം.പി. പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളജിന്റെ ഭാരവാഹി തന്റെ അടുത്ത സുഹൃത്താണ്. സ്വകാര്യ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താനുമായും എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുമായി ഭാരവാഹി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ എം പി തടസം നില്‍ക്കുന്നുവെന്ന വിമര്‍ശനം യു ഡി എഫിലെ ചില ഘടകകക്ഷികള്‍ ഏതാനും മാസങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി ഉന്നയിച്ചിരുന്നു. അത് താന്‍ ഇപ്പോഴാണ് അറിയുന്നതെന്നും അതില്‍ കഴമ്പില്ലെന്നും എം പി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, ജനറല്‍ സെക്രട്ടറി വി എ മജീദ്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.