വൈകിയെത്തേണ്ട മാവേലിയും അരുവിക്കരയിലെ ഒളിവ് ജീവിതവും

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 2:16 am
SHARE

Niyamasabha_Grand_Staircase
പാഠപുസ്തകം വിതരണം ചെയ്യാന്‍ കഴിയാത്തതിനാലും കൃത്യസമയത്ത് പരീക്ഷ നടക്കില്ലെന്ന് വ്യക്തമാകുകയും ചെയ്തസാഹചര്യത്തില്‍ മാവേലിയുടെ വരവ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക്യകണേഡന ഒരു പ്രമേയം പാസാക്കണമെന്ന് എ കെ ശശീന്ദ്രന്‍. പഠിച്ചില്ലെങ്കിലും ജയിക്കുമെന്നും വാരിക്കോരി എ പ്ലസ് നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്തതിനാല്‍ കെ എസ് യു പഠിപ്പ് മുടക്ക് പിന്‍വലിച്ചെന്ന് ബാബു എം പാലിശ്ശേരി. വനവും വൈദ്യുതിയും ഗതാഗതവുമാണ് മുഖ്യധനാഭ്യര്‍ഥനകളായി ഇന്നലെ സഭയുടെ പരിഗണനക്ക് വന്നതെങ്കിലും പാഠപുസ്തകവും അരുവിക്കര പാഠവുമെല്ലാം തന്നെയാണ് ഇന്നലെ ചര്‍ച്ചയില്‍ മുഴച്ചത്. ആര്യാടന്റെ വെളിച്ച വിപ്ലവവും ഇടക്കെപ്പോഴെ തികട്ടി വന്ന പരിസ്ഥിതി സ്‌നേഹവും ഒഴിച്ച് നിര്‍ത്തിയാല്‍ രാഷ്ട്രീയം തന്നെയായിരുന്നു പ്രധാന ചര്‍ച്ച.
കേരളത്തെ ഇരുട്ടിലാക്കാതെ വെളിച്ചത്തിലേക്ക് നയിച്ച ആര്യാടന്‍ മുഹമ്മദിന് സ്‌തോത്രം അര്‍പ്പിച്ചാണ് വി പി സജീന്ദ്രന്‍ തുടങ്ങിയത്. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ക്ക് സമാനമായി പുറത്തിറങ്ങാനിരിക്കുന്ന പിണറായി വിജയന്റെ അരുവിക്കരയിലെ ഒളിവ് ജീവിതം വായിക്കാനായി കാത്തിരിക്കുകയാണ് സജീന്ദ്രന്‍. ആര്യാടനെ പുകഴ്ത്താന്‍ എന്‍ എ നെല്ലിക്കുന്നിന് വാക്കുകളില്ലായിരുന്നു. തന്റെ വീട്ടിന് മുന്നിലെ പോസ്റ്റിന്റെ നമ്പര്‍ പോലും മന്ത്രിക്ക് ഹൃദിസ്ഥമാണെന്ന് നെല്ലിക്കുന്ന്. വനം മന്ത്രി തിരുവഞ്ചൂരിനെ ഫുട്‌ബോളിനോടാണ് ഉപമിച്ചത്. താഴെക്ക് അടിക്കാന്‍ പലരും ശ്രമിച്ച് നോക്കിയെങ്കിലും കൂടുതല്‍ ശക്തമായി ഉയരുകയാണെന്ന് നെല്ലിക്കുന്നിന്റെ പക്ഷം. കാര്‍ത്തികേയന്റെ വിയോഗത്തില്‍ വിങ്ങിപൊട്ടുമ്പോഴും കെ എസ് ശബരീനാഥന്‍ രാജകുമാരനെ പോലെ കടന്ന് വന്നതിലെ ആഹ്ലാദം അദ്ദേഹം മറച്ചുവെച്ചില്ല.
വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരെയും മനുഷ്യരില്‍ നിന്ന് വന്യമൃഗങ്ങളെയും സംരക്ഷിക്കാന്‍ കഴിയാത്ത വനം വകുപ്പ് വട്ടപൂജ്യമാണെന്ന് എ കെ ശശീന്ദ്രന്‍. കെ എസ് ആര്‍ ടി സിയില്‍ കണ്‍സെഷന്‍ നല്‍കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്ന് കെ ബി ഗണേഷ്‌കുമാറും ആവശ്യപ്പെട്ടു. അക്കേഷ്യമരങ്ങളാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടെന്നും പരിസ്ഥിതിക്ക് യോജ്യമല്ലാത്ത മരങ്ങള്‍ മുറിച്ച് നീക്കണമെന്നും ഡോ. എന്‍ ജയരാജ് നിര്‍ദേശിച്ചു.ഇത്രയധികം വൃക്ഷ സ്‌നേഹം വിളമ്പുന്ന ജയരാജ് തന്റെ നാളും മരവും സഭയില്‍ പറയണമെന്നായി സാജുപോള്‍. തന്റെ നാള് മൂലമാണെന്നും വൃക്ഷം പൈന്‍ മരമാണെന്നും സാജുപോള്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറയാനില്ലെന്ന് ജയരാജ് കട്ടായം പറഞ്ഞു. വനംവകുപ്പിന് കീഴില്‍ വരേണ്ട മൃഗശാല വകുപ്പ് എങ്ങിനെ സാംസ്‌കാരിക വകുപ്പിന് കീഴിലായതെന്ന് അദ്ദേഹത്തിന് ഒരു പിടിയുമില്ല. മനുഷ്യരേക്കാള്‍ സംസ്‌കാരം ഉള്ളത് മൃഗങ്ങള്‍ക്കായത് കൊണ്ടാകുമെന്ന് പിന്നീട് ആത്മഗതം.
മിന്നാമിനുങ്ങിന്റെ നുറുങ്ങ് വട്ടത്തില്‍ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ദിവ്യ പ്രകാശത്തിലേക്കാണ് ആര്യാടന്‍ കേരളത്തെ വഴി നടത്തിയതെന്ന് എ ടി ജോര്‍ജ്ജ്. നെയ്യാര്‍ ഡാം വനമേഖലയിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഭീഷണിയായ മരങ്ങളെ വെട്ടിനിരത്തണമെന്നായിരുന്നു കെ മുരളീധരന്റെ ആവശ്യം. മരം നടല്‍ ഹോബിയാക്കിയ ഈ കാലത്ത് പാഴ്മരങ്ങള്‍ക്ക് പകരം നല്ല മരങ്ങള്‍ നടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കമ്പിയില്ല, വയറില്ല, പോസ്റ്റില്ല, നന്നാക്കാന്‍ ആളുമില്ല, വൈദ്യുതി അളക്കാന്‍ നല്ല മീറ്റര്‍ പോലുമില്ല-കെ എസ് ഇ ബിയെ കുഞ്ഞമ്മദ് മാസ്റ്റര്‍ ചുരുക്കി വിശദീകരിച്ചത് ഇങ്ങിനെയാണ്.
കാലൊടിഞ്ഞ എ ഡി എമ്മും പെരുവന്താനം എസ്റ്റേറ്റിലെ സഞ്ചാര സ്വാതന്ത്ര്യ നിഷേധവുമാണ് ഇന്നലെ അടിയന്തിരപ്രമേയത്തിന് വിഷയമാക്കിയത്. തോട്ട ഉടമകളില്‍ നിന്ന് എ ഡി എം പിരിച്ചെടുക്കുന്ന പണം എവിടെയെല്ലാം എത്തുന്നുണ്ടെന്ന അന്വേഷണം വേണമെന്ന് ബിജി മോള്‍ ആവശ്യപ്പെട്ടു. ബിജിമോളുടെ പാര്‍ട്ടിക്കാര്‍ റവന്യൂവകുപ്പ് ഭരിച്ചകാലത്ത് എത്തിയ സ്ഥലങ്ങളില്‍ തന്നെയാകും ഇപ്പോഴും എത്തുന്നതെന്ന് അടൂര്‍പ്രകാശും തിരിച്ചടിച്ചു.