വധഭീഷണി: സംരക്ഷണം വേണമെന്ന് തെളിവുകള്‍ പുറത്തുകൊണ്ടുവന്നയാള്‍

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:25 am
SHARE

 

leadഭോപ്പാല്‍: തനിക്ക് വധഭീഷണിയുണ്ടെന്നും മതിയായ സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി വ്യാപം കേസില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുകൊണ്ടുവന്ന സാമൂഹിക പ്രവര്‍ത്തകന്‍ രംഗത്ത്. തന്റെ ജീവന്‍ അപകടത്തിലാണെന്നും കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ ആശിഷ് ചതുര്‍വേദി പറഞ്ഞു.

അഴിമതിയുടെ ഞെട്ടിക്കുന്ന കഥകള്‍ വെളിച്ചത്ത് കൊണ്ടുവന്നതിന് ശേഷം ഏതാനും വര്‍ഷമായി തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു വരികയാണ്. വ്യാപത്തിനോട് ബന്ധമുള്ള ഡെന്റ ല്‍ ആന്‍ഡ് മെഡിക്കല്‍ അഡ്മിഷന്‍ ടെസ്റ്റ് അഴിമതി സംബന്ധിച്ചും താന്‍ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുന്നുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം വലിയ ഭീഷണി ഉയര്‍ന്നിരുന്നു. ഇപ്പോഴെങ്കിലും മതിയായ സംരക്ഷണം ലഭ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും ഗ്വാളിയോറില്‍ ചതുര്‍വേദി പറഞ്ഞു. താന്‍ മിക്കവാറും സൈക്കിളിലാണ് സഞ്ചിരിക്കാറുള്ളതെന്ന് 26കാരനായ ചതുര്‍വേദി പറഞ്ഞു. മറ്റൊരു സൈക്കിളില്‍ താ ന്‍ ഏര്‍പ്പാടാക്കിയ സുരക്ഷാ ഉദ്യോഗസ്ഥനും പിന്തുടരും. ട്രാഫിക് കുരുക്കില്‍ കുടുങ്ങുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്നിലായിപ്പോകുന്നു. അപ്പോള്‍ ആക്രമണ സാധ്യതയുണ്ട്. താന്‍ കോടതിയില്‍ സാക്ഷിയായെത്തുമ്പോള്‍ കഥ കഴിക്കാമെന്ന് മറ്റൊരാള്‍ പറയുന്നത് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കേട്ടിരുന്നു. സാധാരണ വേഷത്തില്‍ ഒരു വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇത് കേട്ടത്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം ഝാന്‍സി റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ചതുര്‍വേദി വിശദീകരിച്ചു. ഗ്വാളിയോറില്‍ ജിവാജി സര്‍വകലാശാലയില്‍ സാമൂഹിക സേവനത്തില്‍ എം എക്ക് പഠിക്കുകയാണ് ചതുര്‍വേദി. ആര്‍ ടി ഐ അപേക്ഷകളിലൂടെയാണ് ഈ യുവാവ് അഴിമതിക്കഥകള്‍ മിക്കവയും പുറത്ത് കൊണ്ടുവന്നത്.