Connect with us

International

ഉയ്ഗൂര്‍ മുസ്‌ലിംകള്‍ വംശീയ പ്രശ്‌നങ്ങള്‍ നേരിടുന്നില്ലെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: സിന്‍ജിയാംഗിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ വംശീയ പ്രശ്‌നങ്ങള്‍ നേരിടുന്നില്ലെന്ന് ചൈനയുടെ വിശദീകരണം. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്രം അനുഭവിക്കുന്നവരാണെന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വംശീയ വിവേചനത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കിയില്‍ ചൈനക്കെതിരെ വന്‍ പ്രതിഷേധം നടന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
ഉയ്ഗൂര്‍ വിഷയത്തില്‍ അടുത്ത കാലത്തായി ചൈനക്കും തുര്‍ക്കിക്കും ഇടയിലുള്ള ബന്ധം വഷളായിരുന്നു. റമസാനിലെ നോമ്പ് നോല്‍ക്കാനോ ആരാധനകള്‍ നിര്‍വഹിക്കാനോ ഉയ്ഗൂര്‍ മുസ്‌ലിംകളെ അവിടുത്തെ ഭരണാധികാരികള്‍ അനുവദിക്കുന്നില്ലെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇസ്തംബൂളിലെ ചൈനീസ് എംബസിക്ക് മുമ്പില്‍ നിരവധി തുര്‍ക്കി പൗരന്‍മാര്‍ പങ്കെടുത്ത പ്രതിഷേധം ഞായറാഴ്ചയാണ് നടന്നത്. എംബസിക്ക് പുറത്തു തടിച്ചുകൂടിയ ഇവര്‍, ചൈനാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ചൈനയിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ നാടുവിടുന്ന ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കുമെന്ന് നേരത്തെ തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.