മര്‍കസ് വിദ്യാര്‍ത്ഥിക്ക് ജര്‍മന്‍ എക്‌സലന്‍സി ഫെലോഷിപ്പ്

Posted on: July 6, 2015 8:59 pm | Last updated: July 7, 2015 at 7:53 am

markaz student german felloshipകോഴിക്കോട്: ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ എക്‌സലന്‍സ് ഇനീഷ്യേറ്റീവ് ഫെലോഷിപ്പ് മര്‍കസ് വിദ്യാര്‍ത്ഥിക്ക്. മര്‍കസിന് കീഴില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന മദീനത്തുന്നൂര്‍ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ വിദ്യാര്‍ത്ഥിയായ ഇ.പി മുഹമ്മദ് സ്വാലിഹ് നൂറാനിയാണ് ഫെലോഷിപ്പിന് അര്‍ഹനായത്.

ലോകത്തെ വിവിധ മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്ക് വേണ്ടിയാണ് 40 ലക്ഷം രൂപയുടെ ഈ ഫെല്ലോഷിപ്പ് നല്‍കുന്നത്. കേരളത്തിലെ പൊന്നാനി ആസ്ഥാനമായി പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രവര്‍ത്തിച്ച മഖ്ദൂമുമാരുടെ പ്രശസ്ത രചനകളായ ഫത്ഹുല്‍ മുഈന്‍, അദ്കിയ എന്നീ പുസ്തകങ്ങളുടെ പിന്‍കാല സാമൂഹിക ജീവിതത്തെക്കുറിച്ചാണ് സ്വാലിഹിന്റെ പഠനം. ബെര്‍ലിനിലെ പ്രമുഖ സര്‍വ്വകലാശാലകളായ ഹംബോള്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യ സ്റ്റഡീസ് സെന്റര്‍, ഫ്രയ് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രപ്പോളജി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവക്ക് കീഴിലാണ് സ്വാലിഹ് പഠനം നടത്തുക.

മലപ്പുറം ജില്ലയിലെ ആതവനാട് ഇരട്ടപറമ്പില്‍ ഹംസയുടെയും പനച്ചിക്കല്‍ ആസിയയുടെയും മകനാണ് ഇ.പി മുഹമ്മദ് സ്വാലിഹ്. സൗത്ത് ഏഷ്യയിലെ വിവിധ മുസ്്‌ലിം സമൂഹങ്ങളെയും കേരള വികസന മാതൃകയെയും കുറിച്ച് സ്വാലിഹ് നടത്തിയ പഠനങ്ങള്‍ നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.