ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി; കെജരിവാള്‍ ഹിതപരിശോധനക്ക്

Posted on: July 6, 2015 8:31 pm | Last updated: July 6, 2015 at 8:35 pm

kejriwal
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭ്യമാക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായമറിയുന്നതിന് ഹിതപരിശോധന നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ തീരുമാനം. ഇതുസംബന്ധിച്ച കരട് ബില്ല് തയ്യാറാക്കാനും ഹിതപരിശോധനക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ട് അദ്ദേഹം വിവിധ വകുപ്പുകള്‍ക്ക് നോട്ടീസ് നല്‍കി. നേരത്തെ മന്ത്രിസഭയിലെ അംഗങ്ങളുമായും കെജരിവാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

ജനഹിത പരിശോധന നടത്തുന്നത് സംബന്ധിച്ച സാധ്യതാ പഠനം നടത്തുന്നതിന് നഗര വികസന വിഭാഗത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പരിശോധന ഏതുവിധത്തില്‍ നടത്താനാകും എന്നത് സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. ഹിതപരിശോധനയുടെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമ വിഭാഗത്തെയും ചുമതലയപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കും എന്നതായിരുന്നു എഎപിയുടെ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്ന്. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടപ്പോള്‍ കെജരിവാള്‍ ആവശ്യപ്പെട്ട സുപ്രധാന കാര്യവും ഇതുതന്നെയായിരുന്നു. അനുഭാവപൂര്‍ണമായി പരിഗണിക്കുമെന്നായിരുന്നു പ്രധാനമന്ത്രി അന്ന് ഇതിന് മറുപടി നല്‍കിയത്.