യുവതിയുടെ മരണം: പോലീസ് അന്വേഷണം ആരംഭിച്ചു

Posted on: July 6, 2015 9:12 am | Last updated: July 6, 2015 at 9:12 am

മാനന്തവാടി: ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം 19ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെട്ട നിരവില്‍പുഴ വിളക്കോടി ഹുസൈന്റെ മകള്‍ സീനത്തിന്റെ(29) മരണത്തിലാണ് ദുരൂഹതകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഭര്‍ത്താവ് ചെന്നലോട് സ്വദേശി മൂന്നാമ്പറന്‍ അസീസിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയായിരുന്ന സീനത്തിനെ ഭര്‍ത്താവ് ഭര്‍ത്താവ് അസീസ് 17ന് വീട്ടിലെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരിയകയായിരുന്നു. ഇനി മേല്‍ കുഴപ്പങ്ങളുണ്ടാകില്ലെന്ന ഉറപ്പിലായിരുന്നു മകളെ ഭര്‍ത്താവിന്റേയും മൂന്നു മക്കളുടേയും കൂടെ വീട്ടുകാര്‍ പറഞ്ഞ് വിട്ടത്.
എന്നാല്‍ വാഹനത്തില്‍ വെച്ച് വീണ്ടും വഴക്കിടുകയും ഓട്ടോ റിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് യുവതി റോഡിലേക്ക് ചാടുകയും തലക്ക് പരുക്കേല്‍ക്കുകയുംചെയ്തു. ഇതേ തുടര്‍ന്ന് ആദ്യ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.
അബോധാവസ്ഥയിലായിരുന്ന യുവതി വെള്ളിയാഴ്ചയോടെ മരിക്കുകയും ചെയ്തു. ബന്ധുക്കള്‍ ഇതു സംബന്ധിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളമുണ്ട പോലീസ് ഭര്‍തൃ പീഡനത്തിന് കേസെടുക്കുകയും ഭര്‍ത്താവിനെ പിടികൂടുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോഴും റിമാന്‍ഡിലാണ്. എന്നാല്‍ ഓട്ടോ റിക്ഷയിലുണ്ടായിരുന്ന കുട്ടികള്‍ നല്‍കിയ വിവര പ്രകാരം വാഹനത്തില്‍ മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായും ഉപ്പയും ഇയാളും ചേര്‍ന്ന് ഉമ്മയെ വാഹനത്തില്‍ നിന്നിറക്കി കൊണ്ടു പോയതായും കുട്ടികള്‍ പറയുന്നു.
തിരികെ കൊണ്ടു വരുമ്പോള്‍ ചോരയില്‍ കുതിര്‍ന്നിരുന്നെന്നും കുട്ടികള്‍ ബന്ധുക്കളോട് പറഞ്ഞിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി എആര്‍ പ്രേംകുമാര്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുതിയുടെ ഭര്‍ത്താവിന്റെ മൊഴി പ്രകാരം തരുവണയില്‍ വെച്ചാണ് ഓട്ടോയില്‍ നിന്നും യുവതി ചാടിയതെങ്കില്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് പകരം കല്‍പ്പറ്റയിലെത്തിയതുള്‍പ്പെടെ നിരവധി ദുരൂഹതകളുള്ളതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നുണ്ട്. 11, 9, 7 വയസ്സുകളുള്ള മൂന്നു കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. മോഷണം, പിടിച്ചു പറി ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഈ സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് അസീസ്.