നീലഗിരിയില്‍ വന്യജീവി ആക്രമണം പതിവായി; പൊറുതിമുട്ടി ജനങ്ങള്‍

Posted on: July 6, 2015 9:10 am | Last updated: July 6, 2015 at 9:10 am
SHARE

ഗൂഡല്ലൂര്‍: മലയോര പ്രദേശമായ നീലഗിരി ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായി. ശല്യം കാരണം ജനം പൊറുതിമുട്ടിയിട്ടുണ്ട്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ ശല്യമുള്ളത്.
മേഫീല്‍ഡ്, ഒമ്പതാംമൈല്‍, ബാര്‍വുഡ്, സീഫോര്‍ത്ത്, ബാരം, ബാലവാടി, ആറാട്ടുപാറ, ദേവാല, പാക്കണ, അയ്യംകൊല്ലി, കൊളപ്പള്ളി, ചേരമ്പാടി, പാട്ടവയല്‍, കരിയശോല, മണ്‍വയല്‍, റാക്കോട്, ബിദര്‍ക്കാട്, ചോലാടി, സൂസംപാടി, നെല്ലാക്കോട്ട, കെണിയംവയല്‍, നാടുകാണി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്യജീവികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ആക്രമണമാണ് നിത്യസംഭവമായിമാറിയിരിക്കുന്നത്. ആനകള്‍ കൂട്ടമായും ഒറ്റയായും എത്തുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന വന്യജീവികളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും, കൃഷിയിടങ്ങളിലും ഇറങ്ങി വന്‍ നാശമാണ് വരുത്തുന്നത്. ടൗണുകളിലേക്ക് പോലും വന്യജീവികള്‍ എത്തുന്നുണ്ട്. കാട്ടിനുള്ളില്‍ കഴിയേണ്ട ജീവികള്‍ ഇപ്പോള്‍ നാട്ടിന്‍ പ്രദേശങ്ങളിലാണ്. വന്യജീവികളുടെ ആക്രമണം ഭയന്ന് ജനങ്ങള്‍ നേരം ഇരുട്ടുന്നതിന് മുമ്പ് തന്നെ വീടണയുകയാണ് ചെയ്യുന്നത്.
സന്ധ്യയായാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. നഗര-ഗ്രാമാന്തരങ്ങളില്‍ മാസങ്ങളോളമായി കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണ്‍വയലില്‍ ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഡല്ലൂര്‍ കുസുമഗിരി സ്വദേശി ടോമി (55)ആണ് കൊല്ലപ്പെട്ടത്. വുഡ് ബ്രയറില്‍ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിലും പരുക്കേറ്റിരുന്നു. കടച്ചനകൊല്ലി ആദിവാസി കോളനിയിലെ മാതന്‍ (45) ആണ് പരുക്കേറ്റിരുന്നത്. കൊളപ്പള്ളിയില്‍ തോട്ടംതൊഴിലാളിയായ സ്ത്രീയെ നാല് തവണ കരടി ആക്രമിക്കുകയും ചെയ്തിരുന്നു. വന്യജീവി ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിച്ചിരിക്കുകയാണ്.
അഞ്ച് വര്‍ഷമായി ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ വന്യജീവി ശല്യം അതിരൂക്ഷമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് തിരിയാനും മറിയാനും പറ്റാത്ത അവസ്ഥയാണുള്ളത്. എവിടെ നോക്കിയാലും ആനയും, പുലിയും, കരടിയുമാണ്. ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം കാണാന്‍ വനംവകുപ്പിന് സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
മൃഗത്തിന്റെ വിലപോലും മനുഷ്യന് കല്‍പ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്ന് കുടിയൊഴിഞ്ഞ് പോയിട്ടുണ്ട്.