Connect with us

Kerala

പെരുമണ്‍ ദുരന്തം: കാരണം ഇന്നും അജ്ഞാതം

Published

|

Last Updated

കൊല്ലം: രള ജനതയെ ഒന്നടങ്കം ഞെട്ടിപ്പിച്ച പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന് 27 വര്‍ഷം തികയുന്നു. 105 പേരുടെ മരണത്തിനിടയാക്കിയ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയപകടം നടന്നത് 1988 ജൂലൈ എട്ടിനാണ്. ഐലന്റ് എക്‌സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്നും അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു.
കേരളീയര്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന പഠന റിപ്പോര്‍ട്ട് ദുരന്തത്തിന് സാക്ഷ്യം വഹിച്ചവര്‍ ഇന്നും പരിഹാസത്തോടെയാണ് കാണുന്നത്. റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍, റിട്ട. എയര്‍മാര്‍ഷല്‍ സി എസ് നായ്ക്ക് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് അന്വേഷണ കമ്മീഷനെയാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. രണ്ട് കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു. എന്നാല്‍ ചുഴലിക്കാറ്റല്ല, ചെറിയ രീതിയിലുള്ള കാറ്റ് പോലും ദുരന്തസമയത്ത് ഇവിടെയുണ്ടായിരുന്നില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. കാറ്റിനെ പഴിചാരി റെയില്‍വെ അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുമ്പോഴും അപകട കാരണം അജ്ഞാതമായി തുടരുകയാണ്. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പോലും വെക്കേണ്ട എന്ന കീഴ് വഴ്ക്കം ഇത് തങ്ങളില്‍ തന്നെ ഒതുക്കി വെക്കാന്‍ റെയില്‍വെക്ക് സഹായകമായി. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും സാര്‍ഥകമായിട്ടില്ല. അതേ സമയം, അപകടം നടക്കുന്നതിന് തൊട്ട്മുമ്പ് പാലത്തിനടുത്ത് പാളത്തില്‍ പണി നടക്കുകയായിരുന്നുവെന്നും പണിയെടുത്ത ഗാംഗ്മാന്‍ ഫിഷ്‌പ്ലേറ്റ് ഇളക്കിയ ശേഷം മദ്യഷാപ്പിലേക്ക് പോയെന്നും അത്‌വഴി വന്ന ട്രെയിന്‍ അപകടത്തില്‍പെടുകയായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.
മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും ഉണ്ട്. മരണപ്പെട്ട മുപ്പത് പേരുടെ ആശ്രിതര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ പരാതിയുയര്‍ത്തുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ് ജീവിത മാര്‍ഗം നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ ദുരന്തത്തിന്റെ ബാക്കി പത്രമായി ഉണ്ട്. ജീവിക്കുന്ന രക്തസാക്ഷികളാണ് ഇവര്‍. മുന്നൂറോളം പേര്‍ക്ക് പെരുമണ്‍ ദുരന്തത്തില്‍ പരുക്കേറ്റുവെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്കുള്ള ആശ്വാസ നടപടികളും എങ്ങുമെത്തിയിട്ടില്ല. ദുരന്തത്തില്‍ പെട്ട ഏഴ് പേരുടെ ജീവന്‍ രക്ഷിച്ച കൊടുവിള സ്വദേശിയായ വിജയന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലി ഇനിയും ലഭ്യമായിട്ടില്ല. ദുരന്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ അന്നത്തെ കേന്ദ്ര റെയില്‍വെ സഹമന്ത്രി മാധവറാവു സിന്ധ്യയാണ് ഏഴ് പേരുടെ ജീവന്‍ രക്ഷപ്പെടുത്തുകയും 14 പേരുടെ മൃതദേഹങ്ങള്‍ കരക്കെടുക്കുകയും ചെയ്ത വിജയന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്തത്. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികവും വിജയന് ലഭിച്ചില്ല. സ്വന്തമായി വീടു പോലും ഇല്ലാതെ ഇന്ന് ഇയാള്‍ രോഗബാധിതനായി നരക തുല്യമായ ജീവിതം നയിക്കുമ്പോഴും ഭരണകൂടം ഇയാളെ മറന്ന നിലയിലാണ്. രക്ഷാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 5,000 രൂപ മാത്രമാണ് വിജയന് ലഭിച്ചത്. മൃതദേഹം എടുക്കുന്നതിനിടയില്‍ ട്രെയിനിന്റെ കമ്പാര്‍ട്ട് മെന്റില്‍ തലയടിച്ച് അബോധാവസ്ഥയിലായ വിജയന് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നിരുന്നു. അനുസ്മരണ കമ്മിറ്റി വാര്‍ഷിക ദിനാചരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും.