ബി ജെ പിക്ക് അരുവിക്കരയിലേതിേക്കാള്‍ കൂടുതല്‍ വോട്ടു നേടാനാവില്ല: കെ ശങ്കരനാരായണന്‍

Posted on: July 5, 2015 9:25 am | Last updated: July 5, 2015 at 9:25 am

കോഴിക്കോട്: ബി ജെ പിക്ക് അരുവിക്കരയില്‍ ലഭിച്ചതിലധികം വോട്ടുനേടാന്‍ കേരളത്തില്‍ സാധിക്കില്ലെന്ന് മഹരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. സാധാരണ ജനങ്ങള്‍ക്ക് വേണ്ടത് വിവാദങ്ങളല്ല. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. അതിന് സാധിക്കുന്ന ഭരണമുണ്ടോ എന്നു മാത്രമാണ് ജനങ്ങള്‍ ചിന്തിക്കുകയെന്നും ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. മുന്‍ മന്ത്രി അഡ്വ. എ സുജനപാലിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഡി സി സിയില്‍ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രഹ്മാവിനെ സൃഷ്ടിച്ച വ്യക്തി വിചാരിച്ചാല്‍ പോലും കോണ്‍ഗ്രസ് മുക്തഭാരതം സാധ്യമാകില്ല. കോണ്‍ഗ്രസ് മുക്തഭാരതമെന്ന നരേന്ദ്രമോദിയുടെ മുദ്രാവാക്യം ദിവാസ്വപ്‌നം മാത്രമാണ്. ഇപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ശക്തമായ ജനകീയ അടിത്തറ കോണ്‍ഗ്രസിനുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പുനരേകീകരണം ഉണ്ടാകേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിലെയും വിഷയങ്ങള്‍ വ്യത്യസ്തമാണ്. അവയെ അഭിസംബോധന ചെയ്യാന്‍ സാധിച്ചാല്‍ ശക്തമായി തിരിച്ചുവരാന്‍ കഴിയും.
മന്ത്രിയായ കാലത്തും ലളിത ജീവിതം നയിക്കുകയും ഉയര്‍ന്ന ചിന്ത കാത്തുസൂക്ഷിക്കുകയും ചെയ്ത നേതാവായിരുന്നു സുജനപാലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു. എം പി മാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ് സംബന്ധിച്ചു.