വ്യാപം കേസ്; പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

Posted on: July 5, 2015 3:57 am | Last updated: July 4, 2015 at 11:58 pm
SHARE

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച വ്യാപം അഴിമതിക്കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട പെണ്‍കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് മടങ്ങിയ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി വി ടുഡേയുടെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിംഗാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
വ്യാപം കേസില്‍ ഉള്‍പ്പെട്ട നമ്രതാ ദമോര്‍ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം ഉജ്ജയിന്‍ ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി മടങ്ങുമ്പോള്‍ അക്ഷയിന് പെട്ടെന്ന് അസുഖം വരുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പിതാവുമായി ഇന്റര്‍വ്യൂ നടത്തി പിരിഞ്ഞുപോയ ശേഷം കൂടെയുണ്ടായിരുന്നവരെ ചില പേപ്പറുകള്‍ ഫോട്ടോകോപ്പിയെടുക്കാന്‍ പറഞ്ഞയച്ചിരുന്നു. ഈ സമയത്ത് അക്ഷയ് ദാമോദര്‍ വീടിന് മുമ്പില്‍ തന്നെ അവരെ കാത്തുനിന്നു. ഈ സമയത്ത് അക്ഷയിന്റെ വായില്‍ നിന്ന് നുര വരുകയും ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
എന്നാല്‍ തൊട്ടടുത്ത് ഗുജറാത്തിലുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം അഴിമതിക്കേസിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യാപം അഴിമതിക്കേസില്‍ ഉള്‍പ്പെട്ട 25ഓളം പ്രതികളോ ദൃസാക്ഷികളോ ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ വ്യക്തമാക്കി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഡ്മിഷന്‍, റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.