ഇടിക്കൂട്ടിലെ രാജാവിന് ജീവിതം കരുപ്പിടിപ്പിക്കാന്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്ന ജോലി

Posted on: July 5, 2015 4:55 am | Last updated: July 4, 2015 at 11:57 pm

61791f69fc3550553c13e809be008aaaകൊല്‍ക്കത്ത: ഇത് കൃഷ്ണ റൗത്. മുന്‍ ദേശീയ ബോക്‌സിംഗ് താരം. ഇന്ന് ഹൗറാ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ അഴുക്കുചാല്‍ ശുചിയാക്കുന്ന ജോലിയാണ് കൃഷ്ണ റൗതിന് ഇപ്പോള്‍. അതും താത്കാലിക ജോലി. തനിക്ക് മാന്യമായ ഒരു സ്ഥിരം ജോലി അനുവദിക്കണമെന്നാണ് ഈ താരം മുഖ്യമന്ത്രി മമാതാ ബാനര്‍ജിയോട് കെഞ്ചുന്നത്. അഞ്ച് വര്‍ഷമായി ഞാന്‍ കോര്‍പറേഷനില്‍ തൂപ്പുകാരനായിരുന്നു. 2005ല്‍ അഴുക്കുചാലുകളില്‍ കൊതുകു നാശിനികള്‍ തളിക്കുന്ന ജോലിയായി. അഴുക്കുചാലുകള്‍ അടഞ്ഞു പോകുന്നത് നേരെയാക്കുകയും വേണം- ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 1987ല്‍ സ്വര്‍ണ മെഡലും 1992ല്‍ വെള്ളി മെഡലും നേടിയ കൃഷണ റൗത് പറയുന്നു.
232 രൂപയാണ് തന്റെ കൂലി. മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. ടി ബി രോഗിയായ സഹോദരനടക്കം ആറ് പേരടങ്ങിയ കുടുംബത്തെ പുലര്‍ത്താന്‍ ഈ കൂലി എങ്ങുമെത്തില്ല. ജീവിതം മുന്നോട്ട് നീക്കാന്‍ ഒരു സ്ഥിരം ജോലി അനിവാര്യമാണ്. ഇതിനായി ഉടന്‍ മുഖ്യമന്ത്രിക്ക് എഴുതും. അവര്‍ കനിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്തിയ ഈ താരം ഈ ഇല്ലായ്മകള്‍ക്കിടയിലും 150ഓളം ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ബോക്‌സിംഗ് പരിശീലനം നല്‍കാന്‍ സമയം കണ്ടെത്തുന്നു.