Connect with us

National

സിവില്‍ സര്‍വീസില്‍ വീണ്ടും മലയാളിത്തിളക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യു പി എസ് സി പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണു രാജിനാണ് രണ്ടാം റാങ്ക്. കെ നിധീഷ് എട്ടാം റാങ്കും നേടി. ഒന്നാം റാങ്ക് ഡല്‍ഹി സ്വദേശിനി ഇറ സിംഘാളും മൂന്നാം റാങ്ക് നിധി ഗുപ്തയും നേടി. ആദ്യ അമ്പത് റാങ്കുകളില്‍ ആറ് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐ എസ് മേഴ്‌സി രമ്യ (32-ാം റാങ്ക്) , എസ് അരുണ്‍ രാജ (34-ാം റാങ്ക്), ആഷാ അജിത് (40-ാം റാങ്ക്), എം എസ് പ്രശാന്ത് (47-ാം റാങ്ക്) എന്നിവരാണ് ആദ്യ അമ്പതില്‍ ഇടംപിടിച്ച മലയാളികള്‍. കഴിഞ്ഞ തവണ ആദ്യ നൂറില്‍ പന്ത്രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.
ഒന്നാം റാങ്ക് നേടിയ ഡല്‍ഹി സ്വദേശിനിയായ ഇറ സിംഘാള്‍ ഇപ്പോള്‍ ഐ ആര്‍ എസിന് കീഴില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസില്‍ അസിസ്റ്റന്റ് കമ്മീഷണറാണ്. രണ്ടാം റാങ്ക് നേടിയ ഡോ. രേണു രാജ് കൊല്ലത്തിനടുത്ത് കല്ലുവാതുക്കലിലെ ഇ എസ് ഐ ആശുപത്രിയില്‍ ഡോക്ടറാണ്.
ആദ്യ ശ്രമത്തില്‍ തന്നെയാണ് രേണു രാജ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതില്‍ അതിയായ സന്തോഷമുണ്ടെന്ന് രേണു പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഐ എ എസിന് തയ്യാറെടുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍, രണ്ടാം റാങ്ക് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രേണു പറഞ്ഞു. ഭര്‍ത്താവിന്റെയും രക്ഷിതാക്കളുടെയും പ്രോത്സാഹനത്തിന്റെ ഫലമാണ് തന്റെ ഈ നേട്ടമെന്നും രേണു കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ആദ്യ അഞ്ച് റാങ്കില്‍ നാലും പെണ്‍കുട്ടികള്‍ക്കാണ്. 1236 പേരുടെ പട്ടികയാണ് ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, ജനറല്‍ സര്‍വീസ് തസ്തികകളിലേക്ക് യു പി എസ് സി ശിപാര്‍ശ ചെയ്തിട്ടുള്ളത്.
അഭിമുഖ പരീക്ഷ കഴിഞ്ഞ നാലാം ദിവസം ഫലം പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 4,51,000 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാഫലം യു പി എസ് സി വെബ്‌സൈറ്റില്‍ http//www.upsc.gov.in ലഭ്യമാണ്.

---- facebook comment plugin here -----

Latest