വീടുകളില്‍ കയറി സാമൂഹിക വിരുദ്ധരുടെ ആക്രമണം

Posted on: July 4, 2015 10:58 am | Last updated: July 4, 2015 at 10:58 am

കൊപ്പം: വിളയൂര്‍ കുപ്പൂത്ത് വീടുകളില്‍ കയറി സാമൂഹിക വിരുദ്ധരുടെ ആക്രമണം. രണ്ടു വീടുകളുടെ ചുമരും മതിലും വൃത്തികേടാക്കിയതായി പരാതി. പറമ്പില്‍ ബാബു, തെങ്ങില്‍ അലി മുസലിയാര്‍ എന്നിവരുടെ വീടുകളിലാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാവിലെ പുറത്തിറങ്ങിയ വീട്ടുകാരാണ് മതിലും ചുമരും വൃത്തികേടാക്കിയ നിലയില്‍ കാണുന്നത്.
അനീസ് ബാബുവിന്റെ മതിലില്‍ നിറയെ അശ്ലീലം എഴുതിയതിന് പുറമെ വീടിന്റെ അടുക്കള ഭാഗത്തെ ചുമരും വൃത്തികേടാക്കിയിട്ടുണ്ട്. വിദേശത്തുള്ള ബാബുവിന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രിയാണ് സാമൂഹിക വിരുദ്ധര്‍ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നതായി സംശയിക്കുന്നത്. പറമ്പില്‍ ഇസ്മയില്‍ പട്ടാമ്പി പോലീസില്‍ പരാതി നല്‍കി. തെങ്ങില്‍ അലിയുടെ വീട്ടുമതിലിലും അനാവശ്യങ്ങള്‍ എഴുതിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് വിവിധ രാഷ്ട്രീയ പാര്‍ടികളുടെ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചിരുന്നു. രാത്രി വീട്ടില്‍ കയറി യുവാവിനെ അക്രിച്ച് പരുക്കേല്‍്പ്പിച്ചതും അടുത്ത ദിവസമാണ്. കുപ്പൂത്ത് മുക്കിലപ്പീടികയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി ശല്യം ചെയ്തതായി പരാതിയുണ്ടായിരുന്നു. അന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പ്രദേശത്ത് സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ കൈയേറ്റശ്രമവും ഉണ്ടായി. രാത്രി പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയ സുന്നി പ്രവര്‍ത്തകരെ ഇരുട്ടിന്റെ മറവില്‍ ചിലര്‍ ആക്രമിക്കുകയായിരുന്നു.
അസമയത്ത് വീടുകളില്‍ കയറി മോഷണം നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെ പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കുപ്പൂത്തും മുക്കിലപ്പീടികയിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.