Connect with us

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ പരിഗണന വേണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ താത്പര്യമെടുക്കേണ്ടത് അനിവാര്യമാണെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ആവശ്യപ്പെട്ടു. വിജില്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ പരാതിയെത്തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുതിരവട്ടത്ത് നിരവധി പരിമിതികളുണ്ടെന്നും ഇവയില്‍ മാറ്റമുണ്ടാകണമെങ്കില്‍ ആരോഗ്യ മന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കി നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം സ്ഥാപനത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും കൂടുതല്‍ ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും ജോലി ചെയ്യണമെന്നും മാധ്യമങ്ങളും എന്‍ ജി ഒകളും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനും സംഘവും ഇവിടെ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെയും അദ്ദേഹം രോഗികളുമായും ജീവനക്കാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി. 20 ഏക്കറോളം സ്ഥലമുണ്ടെങ്കിലും ഇവിടെയുള്ള രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും കെട്ടിടത്തിന്റെ കാലപ്പഴക്കം ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 400 പേരെ പാര്‍പ്പിക്കാനുള്ള സ്ഥലത്ത് 600 ലധികം പേരെ താമസിപ്പിക്കുന്നതാണ് മിക്ക പ്രയാസങ്ങള്‍ക്കും കാരണം. ആധുനിക മാനസികാരോഗ്യ കേന്ദ്രത്തിന്റെ മാതൃകയില്‍ കുതിരവട്ടത്തെ മാറ്റണമെങ്കില്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പെരുമാറണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. മാനസികാരോഗ്യ കേന്ദ്രത്തെ മെച്ചപ്പെടുത്താനുള്ള അനുകൂല സാഹചര്യങ്ങളെല്ലാം ഇവിടെ നിലവിലുണ്ട്. അതിനുള്ള രൂപരേഖ ജില്ലാ കലക്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. അതെല്ലാം പ്രാവര്‍ത്തികമായാല്‍ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു മാനസികാരോഗ്യ കേന്ദ്രമായി ഇത് മാറും. എന്നാല്‍, 2014 ഒക്ടോബര്‍ 10ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ല എന്നത് ഏറെ ഖേദകരമാണ്.
കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യാത്ത മരുന്നുകള്‍ പ്രാദേശികമായി വിതരണം നടത്താന്‍ അന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കുകയും അതിനായി 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. രോഗം ഭേദമായവരെ കൊണ്ടു പോകാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതാണ് ഇവിടുത്തെ മറ്റൊരു പ്രശ്‌നം. അതിനാല്‍ ഇവരുടെ പുനരധിവാസം കൂടുതല്‍ മെച്ചപ്പെടുത്തണം. കേസില്‍ പെട്ടതിനാല്‍ കോടതി അയച്ച ഏഴ് രോഗികളാണ് ഇവിടെ ഉള്ളത്. അവരെ മോചിപ്പിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ചയാണ്.
കോടതിയുടെ നിര്‍ദേശപ്രകാരം ഒരാളെ കൊണ്ടുവന്നാല്‍ ഔദ്യോഗികമായ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പറ്റൂ. എന്നാല്‍ ഇങ്ങനെ നിര്‍ദേശം നല്‍കാത്ത ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കി.