ദുബൈ വേനല്‍ വിസ്മയത്തിന് നിരവധി പരിപാടികള്‍

Posted on: July 3, 2015 5:30 pm | Last updated: July 3, 2015 at 5:30 pm

ദുബൈ: 23ന് ആരംഭിക്കുന്ന ദുബൈ വേനല്‍ വിസ്മയോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍.
ഏറെ ജനപ്രിയമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍, പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യം തുടങ്ങിയവ ഇത്തവണത്തെ വേനല്‍വിസ്മയത്തെ വേറിട്ട അനുഭവമാക്കിമാറ്റും. 30 മുതല്‍ ആഗസ്ത് അഞ്ചുവരെ ഇബ്‌നുബത്തൂത്ത മാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഫിയസ്റ്റയില്‍ ബെന്‍ ടെന്നും സഹകഥാപാത്രങ്ങളും വേദിയിലെത്തും. ആഗസ്ത് 18 മുതല്‍ 24 വരെയുള്ള തിയ്യതികളില്‍ ഫെസ്റ്റിവെല്‍ സിറ്റി മാളില്‍ ‘ഡോറ ദ എക്‌സ്‌പ്ലോറര്‍’ തത്സമയം വേദിയിലെത്തും. സ്റ്റേജ് ഷോയ്ക്കുശേഷം ഡോറയെയും കൂട്ടുകാരെയും നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരവും കൊച്ചുകൂട്ടുകാര്‍ക്ക് ലഭിക്കും.
ആഗസ്ത് 24ന് മുദ്ഹിഷ് വേള്‍ഡിലെ വേദിയില്‍ അറബ് സൂപ്പര്‍ സ്റ്റാര്‍ നാന്‍സി അജ്‌റാമിന്റെ സംഗീതപരിപാടി അരങ്ങേറും. ജൂലായ് 13 മുതല്‍ ആഗസ്ത് 22 വരെ നടക്കുന്ന ഫാഷന്‍ ക്യാറ്റ് വാക്കിന് അനുബന്ധമായി നടക്കുന്ന കിഡ്‌സ് ഫാഷന്‍ ഫെസ്റ്റില്‍ റാമ്പിലെ കുട്ടിത്താരങ്ങള്‍ക്ക് മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കും. ഫെസ്റ്റിവെല്‍ സിറ്റിയിലെ ഫെസ്റ്റിവെല്‍ സ്‌ക്വയറില്‍ ജൂലായ് 30 മുതല്‍ ആഗസ്ത് 15 വരെ നടക്കുന്ന കിഡ്‌സ് പോപ് അപ് സമ്മര്‍ മാര്‍ക്കറ്റില്‍ കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വില്‍പനയ്‌ക്കെത്തും. ജൂലായ് ഒമ്പത് മുതല്‍ ആഗസ്ത് 29 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ മുദ്ഹിഷ് വേള്‍ഡ് തുറക്കും. മുദ്ഹിഷിന്റെ ഹൃദ്യമായ ചിരിയും തമാശയുമായി മുഖരിതമാകുന്ന മുദ്ഹിഷ് വേള്‍ഡില്‍ വൈവിധ്യമാര്‍ന്ന വിനോദ, സാഹസിക, കലാപ്രകടനങ്ങള്‍ അരങ്ങേറും.
ജൂലായ് 23, 24 തിയ്യതികളിലായി വേള്‍ഡ് ട്രേഡ് സെന്ററിലെ ശൈഖ് റാഷിദ് ഹാളില്‍ നടക്കുന്ന ദുബൈ സമ്മര്‍ കണ്‍സേര്‍ട്ടില്‍ ഡയാന ഹദ്ദാദ്, നവാല്‍ കുവൈത്തിയ്യ, അബ്ദുല്ല റുവൈഷിദ്, ഹുസ്സൈന്‍ അല്‍ ജാസ്മി, കാദിം അല്‍ സാഹെര്‍ എന്നിവര്‍ അതിഥികളായെത്തും.
പവര്‍ റേഞ്ചേഴ്‌സ് കാര്‍ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഏറ്റവുംപുതിയ സ്റ്റേജ് ഷോ പവര്‍ റേഞ്ചേഴ്‌സ് മെഗാഫോഴ്‌സിന്റെ ലോക പ്രീമിയറും ഡി എസ് എസ് വേദിയാകും. ആഗസ്ത് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ദുബൈ മാളിലെ സ്റ്റാര്‍ ആട്രിയത്തില്‍ പരിപാടി അവതരിപ്പിക്കപ്പെടും. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ അഞ്ചുവരെ ഇബ്‌നുബത്തൂത്ത മാളില്‍ കുടുംബങ്ങള്‍ക്കായി കണക്ടിങ് ദ ഫാമിലീസ് എന്ന പേരില്‍ പ്രത്യേക മത്സരങ്ങള്‍ നടക്കും.
സമ്മാനപദ്ധതികള്‍
വേനല്‍ വിസ്മയത്തിന്റെ ഭാഗമായി ഉദ്ഘാടനദിനം മുതല്‍ ആഗസ്ത് ഒന്നുവരെ ‘ദ ബിഗ് സെയില്‍’ എന്ന പേരില്‍ വില്പനമേള നടക്കും. പ്രമുഖ ബ്രാന്‍ഡുകളുടേതടക്കമുള്ള ഉത്പന്നങ്ങള്‍ വിലപേശി വാങ്ങാനുള്ള അവസരം മേളയിലുണ്ടാകും.
ജൂലായ് 25 മുതല്‍ സപ്തംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഷോപ്പിങ് മാളുകളില്‍ 200 ദിര്‍ഹമിന് മുകളില്‍ ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാറുകള്‍ നേടാനവസരമുണ്ടാകും. ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് രണ്ട് കാറുകള്‍ വീതമാണ് സമ്മാനമായി ലഭിക്കുക.
ബാക്ക് ടു സ്‌കൂള്‍
സപ്തംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ബാക്ക് ടു സ്‌കൂള്‍മേള നടക്കുക. ഈ ദിവസങ്ങളില്‍ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന മാളുകളില്‍നിന്ന് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നവരിലെ ഭാഗ്യവാന്മാരായ പത്ത് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കും. 50, 000 ദിര്‍ഹമിന്റെ ട്യൂഷന്‍ ഫീസ് ആയിരിക്കും വിജയികള്‍ക്കോരോരുത്തര്‍ക്കും സമ്മാനമായി ലഭിക്കുക. ഔട്‌ലെറ്റുകളില്‍ 200 ദിര്‍മോ അതിന് മുകളിലോ ചെലവഴിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കാളികളാകാം. എഫ് ആന്‍ഡ് ബി സ്റ്റോറുകളില്‍ 100 ദിര്‍ഹം ചെലവഴിക്കുന്നവര്‍ക്കെല്ലാം നറുക്കെടുപ്പ് കൂപ്പണുകള്‍ ലഭിക്കും.