പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം: തെളിവുകള്‍ ക്രൈംബ്രാഞ്ചിന്‌

Posted on: July 3, 2015 9:35 am | Last updated: July 4, 2015 at 1:45 am

ayub khanകൊച്ചി: പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം. കേസില്‍ ചില പ്രതികളെ ഒഴിവാക്കാനും ചിലരെ ഉള്‍പ്പെടുത്താനും അസി: പ്രോസിക്യൂട്ടര്‍ അയ്യൂബ് ഖാന്‍ പണം ആവശ്യപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതികളെ രക്ഷിക്കാന്‍ ഒന്നേകാല്‍ കോടി രൂപയാണ് അയ്യൂബ് ഖാന്‍ ആവശ്യപ്പെട്ടത്.

പ്രതികളില്‍ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായ കുട്ടിയുടെ മാതാവും അവരുടെ വക്കീലും സംഭാഷണത്തില്‍ കടന്നു വരുന്നുണ്ട്. ഏതാണ്ട് മൂന്നര മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഫോണ്‍ സംഭാഷണമാണുള്ളത്.

അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ അയ്യൂബ് ഖാനെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. എന്നാല്‍ ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അയ്യൂബ് ഖാന്‍ പ്രതികരിച്ചു.