അനന്തമായി നീളുന്ന അഭയ കേസ്

Posted on: July 3, 2015 6:00 am | Last updated: July 3, 2015 at 12:03 am

SIRAJ.......അഭയ കേസില്‍ തെളിവ് നശിപ്പിച്ചുവെന്ന ആരോപണം സി ബി ഐ സ്ഥിരീകരിച്ചിരിക്കുന്നു. മരണപ്പെട്ട മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ. സാമുവലിനെ ഈ കുറ്റത്തിന് പുതുതായി പ്രതിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത തൊണ്ടി മുതലുകളും പി കെ സാമുവല്‍ പിന്നീട് കണ്ടെടുത്ത അഭയയുടെ ഡയറിയും നശിപ്പിക്കപ്പെട്ടുവെന്നാണ് സി ബി ഐ കണ്ടെത്തല്‍. കോട്ടയം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എട്ട് തൊണ്ടി മുതലുകള്‍ സാമുവല്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. ഇവ മടക്കി നല്‍കിയതായി വ്യജരേഖ ഉണ്ടാക്കിയതല്ലാതെ മടക്കി നല്‍കിയില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭയയുടേത് ആത്മഹത്യയാണെന്ന് ഇയാള്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസ് നേരിട്ടു കൃത്രിമം കാണിച്ചുവെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
23 വര്‍ഷം പഴക്കമുണ്ട് അഭയ കേസിന്. 1992 മാര്‍ച്ച് 27നാണ് കോട്ടയം ബി സി എം കോളജ് പ്രീഡിഗ്രി വിദ്യാര്‍ഥിയും പയസ്10 കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയുമായിരുന്ന സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കോണ്‍വെന്റ് വളപ്പിനുള്ളിലെ കിണറ്റില്‍ കണ്ടെത്തുന്നത്. ഇത് സ്വാഭാവിക മരണമാണെന്നാണ് ആദ്യം കേസന്വേഷിച്ച കോട്ടയം വെസ്റ്റ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ അഭയയുടെ തലക്ക് പിന്നിലും വലത്തെ കണ്ണിന് സമീപവും മുറിവുകളും വലത്തെ തോളിലും ഇടുപ്പിലും പോറലും കണ്ടെത്തിയതോടെ പോലീസ് റിപ്പോര്‍ട്ടിന്റെ സാധുതയില്‍ സംശയമുയരുകയും അന്വഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ക്രൈം ബ്രാഞ്ചും സംഭവം ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനൊരുങ്ങിയപ്പോള്‍, ക്രൈം ബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ലെന്നും ബാഹ്യസമ്മര്‍ദങ്ങളാണ് ഈ റിപ്പോര്‍ട്ടിന് പ്രേരകമെന്നും കാണിച്ച് അഭയയുടെ പിതാവ് ഐക്കര കുന്നേല്‍ തോമസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തില്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കുന്നത്. സി ബി ഐക്ക് മേലും ബാഹ്യ സമ്മര്‍ദം ശക്തമായപ്പോള്‍ വര്‍ഗീസ് പി തോമസ് അന്വേഷണ ചുമതലയില്‍ നിന്നൊഴിവായി. തുടര്‍ന്ന് അന്വഷിച്ച സി ബി ഐ സംഘവും ഇത് കൊലപാതകമെന്നോ, ആത്മഹത്യയെന്നോ വ്യക്തമല്ലെന്ന് കാട്ടി കേസ് അവസാനിപ്പിക്കാനാണ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സി ബി ഐ നടപടിയില്‍ സംശയം തോന്നിയ കോടതി ഈ ആവശ്യം നിരസിക്കുകയും അന്വേഷണം തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇത് ആത്മഹത്യയല്ലെന്നും കൊലപാതകം തന്നെയെന്നു സ്ഥിരീകരിച്ചും ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിചേര്‍ത്തും 1999ല്‍ സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് അവരുടെ അറസ്റ്റ് വര്‍ഷങ്ങളോളം ദീര്‍ഘിപ്പിച്ചു. പിന്നെയും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2008ലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. അതിനിടെ കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയതിന്റെ വര്‍ക്ക്ബുക്കില്‍ തിരുത്തല്‍ വരുത്തി. ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥരായ ഗീതയും ചിത്രയും ഈ കേസില്‍ പ്രതികളായി.
സംഭവസ്ഥലത്ത െവച്ച് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് വീണ്ടും സ്‌റ്റേഷനില്‍ വെച്ച് മാറ്റിയതായി ഇന്‍ക്വസ്റ്റ് എഴുതിയ പോലീസുകാരന്‍ നേരത്തെ മൊഴിനല്‍കിയിരുന്നു. ഇങ്ങനെ കേസന്വേഷണങ്ങളിലും അതിന്റെ റിപ്പോര്‍ട്ടുകളിലും ധാരാളം വഴിമാറ്റവും തിരുത്തലും നടന്നിട്ടുണ്ട്. കേസിന്റെ നടപടികള്‍ അനന്തമായി നീളാന്‍ ഇതു കാരണമായി. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് കേസ് അട്ടിമറിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് പിന്നിലെന്നത് ഇതിനകം അറിയപ്പെട്ടതാണ്. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ കാലത്ത് കേന്ദ്ര നേതൃത്വത്തെ പോലും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരം പ്രത്യേക കോടതിയില്‍ നടക്കുന്ന കേസ്, തെളിവ് നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ കോടതി നടപടികള്‍ മരവിച്ച നിലയിലാണിപ്പോള്‍. മുന്‍ ക്രൈം ബ്രാഞ്ച് എസ് പി. കെ ടി മൈക്കിളാണ് ഈ സ്റ്റേ സമ്പാദിച്ചത്. തെൡവുകള്‍ നശിപ്പിക്കുന്നതില്‍ പങ്കാളിയാണ് സി ബി ഐ എന്ന് കണ്ടെത്തിയ മൈക്കിളിന്റെ ഈ ഇടപെടല്‍ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് സി ബി ഐ അടുത്ത ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൈക്കിളിന്റെ പേരില്ലെന്നത് ഈ ആരോപണത്തെ ബലപ്പെടുത്തുന്നുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയെങ്കിലും കോടതി വിചാരണ പുനരാരംഭിച്ച് അഭയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അവസരമൊരുക്കുമോ? അതോ ബാഹ്യ സമ്മര്‍ദങ്ങള്‍ ഇനിയും കേസിന്റെ തുടര്‍നപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുമോ? നീതിന്യായ സംവിധാനത്തിന് ഈ കേസ് ഏല്‍പ്പിച്ച കളങ്കം തുടച്ചുനീക്കാന്‍ കോടതിയില്‍ നിന്ന് എത്രയും വേഗത്തില്‍ ഒരു തീര്‍പ്പ് അനിവാര്യമാണ്.