മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം അംഗപരിമിതരില്‍ പലര്‍ക്കും ലഭിച്ചില്ല

Posted on: July 3, 2015 5:20 am | Last updated: July 2, 2015 at 9:21 pm

കാസര്‍കോട്: കേരളത്തിലെ 14 ജില്ലകളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അനുവദിച്ചു കിട്ടിയ ധനസഹായം അംഗപരിമിതരില്‍ പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നു.
ഇതുസംബന്ധിച്ച് ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. അംഗപരിമിതരായ അപേക്ഷകര്‍ക്ക് പുറമെ കിടപ്പിലായ രോഗികള്‍ക്കും അനുവദിച്ച സഹായം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടില്ല. മെഡിക്കല്‍ സംഘം വീടുകളില്‍ ചെന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സഹായം അനുവദിച്ചത്. എന്നാല്‍ പലര്‍ക്കും അര്‍ഹമായ സഹായമല്ല കിട്ടിയത്. ഇതിനിടയിലാണ് അനുവദിച്ച സഹായം പോലും ലഭിക്കാതിരിക്കുന്നത്.
ദേശീയ വികലാംഗ ആക്ട് നിലവില്‍ വന്ന് 20 വര്‍ഷം കഴിഞ്ഞിട്ടും ആക്ടില്‍ പറഞ്ഞ പല കാര്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രൂപവത്കരിച്ച് വികലാംഗ നിയമനം എല്ലാ മേഖലയിലും ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം ഇനിയും നടപ്പാക്കിയില്ല.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വികലാംഗര്‍ക്കും തൊഴില്‍ നല്‍കുകയോ, ഇല്ലെങ്കില്‍ ആക്ടില്‍ പറഞ്ഞത് പോലുള്ള ജോലിക്ക് സമാനമായ വേതനം നല്‍കുകയോ ചെയ്തിട്ടില്ല.
വികലാംഗര്‍ക്ക് വേണ്ടി പ്രത്യേക ഭവനപദ്ധതി നടപ്പിലാക്കണമെന്ന സുപ്രധാന നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന കാര്യവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ സംസ്ഥാന കമ്മിറ്റി യോഗം സലിം റാവുത്തറിന്റെ അധ്യക്ഷതയില്‍ പി കോരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം വി ഭാസ്‌കര ആചാര്യ, വാസുദേവന്‍ കുന്നംകുളം, ഹാരിസ് വണ്ടാഴി, ശാബു അങ്കമാലി എന്നിവര്‍ സംസാരിച്ചു. ഇബ്‌റാഹിം മുന്നൂര്‍ സ്വാഗതവും നവാസ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.