കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു

Posted on: July 3, 2015 5:20 am | Last updated: July 2, 2015 at 9:20 pm

കാഞ്ഞങ്ങാട്: തീരദേശവാസികളുടെ ചിരകാല അഭിലാഷമായ കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണതയിലേക്ക്. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയിക്കുന്ന നടപടി പുരോഗമിച്ചു വരുന്നു.
ഒരാഴ്ച മുമ്പ് ലാന്റ് അക്വിസേഷന്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം മേല്‍പ്പാലത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമി സന്ദര്‍ശിച്ചിരുന്നു. 15 ഓളം പേരില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടതെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ഏറ്റവും പുതിയ ആധാരങ്ങള്‍ സംഘം ശേഖരിക്കുകയും ചെയ്തു. ഇതിനു ശേഷം അക്വിസേഷന്‍ തഹസില്‍ദാര്‍ ജില്ലാ കലകട്‌റുടെ നിയന്ത്രണത്തിലുള്ള ജില്ലാ പര്‍ച്ചേസിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിച്ച് ഉടമകള്‍ക്ക് തുക കൈമാറേണ്ടുന്നത് പര്‍ച്ചേസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിട്ടാണ്. പര്‍ച്ചേസിംഗ് കമ്മിറ്റിയുടെ ചുമതസയുള്ള ഡെപ്യൂട്ടി കലക്ടര്‍ അബ്ദുന്നാസര്‍ സ്ഥലം സന്ദര്‍ശിച്ചു. അദ്ദേഹം ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതോടെ പര്‍ച്ചേസിംഗ് കമ്മിറ്റി സ്ഥലം ഉടമകള്‍ക്ക് പണം നല്‍കുന്ന നടപടി സ്വീകരിക്കും.
ഇതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. അടുത്ത നടപടികളും തീരുമാനങ്ങളും കൈക്കൊള്ളേണ്ടത് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്.
മേല്‍പ്പാല നിര്‍മാണത്തിന്റെ പൂര്‍ണ ചുമതല ഈ കോര്‍പ്പറേഷനാണ്. സ്ഥലം ഏറ്റെടുക്കലിനെതിരെ ഇനി ആരും കോടതിയെ സമീപിക്കാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും പ്രതീക്ഷ.