Connect with us

National

എഎപി സര്‍ക്കാര്‍ പരസ്യത്തിനായി 526 കോടി രൂപ ചെലവിടുന്നുവെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി അധികാരത്തിലേറിയ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ സ്വന്തം പ്രചാരണത്തിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപണം. പൊതുഫണ്ട് ഉപയോഗിച്ച് ഈ വര്‍ഷം 526 കോടി രൂപയുടെ പരസ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം പരസ്യത്തിനായി 24 കോടി രൂപ ചെലവഴിച്ച സ്ഥാനത്താണ് ഇത്തവണ 500 കോടിയിലേറെ രൂപ ചെലവിടുന്നത് എന്നാണ് ആരോപണം.

റേഡിയോ പരസ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വന്‍തുക നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നടത്തുന്ന “ജോ കഹാ, സോ കിയാ” എന്ന പ്രോഗ്രാമിനാണ് ഇത്രയും തുക ചെലവഴിക്കുന്നതതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളും അവയില്‍ നടപ്പാക്കിയതിന്റെ വിശദീകരണങ്ങളുമാണ് പരിപാടിയിലൂടെ മുഖ്യമന്ത്രി നല്‍കുക.

അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കേണ്ട ഫണ്ട് വെട്ടിക്കുറച്ച് സ്വന്തം പാര്‍ട്ടിയുടെ പ്രചാരണത്തിനായി വന്‍തുക ചെലവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആരോപിച്ചു. സ്വന്തം പ്രചാരണത്തിന് വേണ്ടി പൊതുപണം ദുരുപയോഗം ചെയ്യുന്നത് അഴിമതിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ എഎപി നേതാവ് പ്രശാന്ത് ഭൂഷണനും രംഗത്ത് വന്നു. സര്‍ക്കാറിന്റെ എഫ് എം പരസ്യങ്ങള്‍ക്ക് എതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest