സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാകേന്ദ്രങ്ങള്‍ മനുഷ്യാവകാശ ലംഘന കേന്ദ്രങ്ങളാകുന്നു

Posted on: July 2, 2015 9:12 am | Last updated: July 2, 2015 at 9:12 am

കോഴിക്കോട്: സംസ്ഥാനത്തെ മാനസിക രോഗ ചികിത്സാകേന്ദ്രങ്ങള്‍ മനുഷ്യാവകാശ ലംഘന കേന്ദ്രങ്ങളാകുന്നതായി പരാതി. വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ നാളെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക്ക് ജോസഫ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുമെന്ന് ജനറല്‍സെക്രട്ടറി അഡ്വ. പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ലക്ഷ്യം കൈവരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനവും പരിശോധനയും സാഹയകമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 1872ല്‍ സ്ഥാപിച്ച കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ 474 ബെഡ് സൗകര്യം മാത്രമുണ്ടായിട്ടും 600 മുതല്‍ 750 പേരെയാണ് കഴിഞ്ഞ രണ്ട്് വര്‍ഷമായി പാര്‍പ്പിച്ചിരിക്കുന്നത്. ഒന്നും രണ്ടും ഫോറന്‍സിക് വാര്‍ഡുകളില്‍ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ 25 വരെ രോഗികളെയാണ് ചെറിയ മുറിയില്‍ കുത്തിനിറച്ചിരിക്കുന്നത്. വൃത്തി ഹീനമായ സെല്ലുകളും പൊട്ടിപൊളിഞ്ഞ തറയും കട്ടിലോ കിടക്കകളോ ഇല്ലാത്ത അവസ്ഥ. സ്റ്റാഫിന്റെയും സുരക്ഷ ഉദ്യോഗസ്ഥരുടെ അഭാവവും ഗുരുതരപ്രശ്‌നങ്ങളാണ്. മനശാസ്ത്ര ട്രെയ്‌നിങുള്ള നഴ്‌സുമാരും വിദഗ്ധരും ഇല്ലാത്ത മാനസികാരോഗ്യകേന്ദ്രത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട്്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്‌സ്, നഴ്‌സിങ് സൂപ്രണ്ട്്, ഗ്രെയ്ഡ് വണ്‍ തുടങ്ങിയ 48 തസ്തികളില്‍ നിയമനം നടക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. അടിസ്ഥാന ചികിത്സയോ സൗകര്യങ്ങളോ ലഭ്യമല്ലാത്ത ഈ സ്ഥാപനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്് ലഭിച്ച പരാതി.