നികുതി വെട്ടിച്ച് കോഴിക്കടത്ത്; അരക്കോടി രൂപ പിഴ

Posted on: July 2, 2015 9:01 am | Last updated: July 2, 2015 at 9:01 am

വടകര: നികുതി വെട്ടിച്ച് മാഹിയില്‍ നിന്ന് കടത്തിയ കോഴിയും ലോറിയും പിടികൂടിയ ഇനത്തില്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിഴയിനത്തില്‍ ഈടാക്കിയത് അരക്കോടി രൂപ.
മാഹിക്ക് ചുറ്റും പ്രവര്‍ത്തിക്കുന്ന രണ്ട് വാണിജ്യ നികുതി മൊബൈല്‍ സ്‌ക്വാഡുകളാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടയിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. മാഹിയില്‍ അഞ്ച് ശതമാനവും കേരളത്തില്‍ പതിനാല് ശതമാനവുമാണ് കോഴിക്ക് നികുതി. മാഹിയിലേക്ക് ബില്ലടിച്ച് കൊണ്ടുവരുന്ന ലോഡ് കണക്കിന് കോഴിയാണ് പിന്നീട് മാഹിയില്‍ നിന്ന് ചെറുവാഹനങ്ങളിലായി നികുതി വെട്ടിച്ച് കടത്തുന്നത്. രണ്ട് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 150 വണ്ടികളില്‍ നിന്നാണ് അരക്കോടി രൂപ പിഴ ഈടാക്കിയത്.