നരിക്കുനിയില്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നു

Posted on: July 2, 2015 8:48 am | Last updated: July 2, 2015 at 8:48 am

നരിക്കുനി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി തീരുമാനിച്ച ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നു.
ഇന്നലെ മുതലാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കി തുടങ്ങിയത്.
മെയിന്‍ റോഡില്‍ പടനിലം റോഡ് ജംഗ്ഷന്‍ മുതല്‍ കുമാരസ്വാമി റോഡ് ജംഗ്ഷന്‍ വരെയും പൂനൂര്‍ റോഡില്‍ ബസ് സ്റ്റാന്‍ഡ് വരെയും റോഡിന്റെ ഇരുവശത്തും ടുവീലര്‍ പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിച്ചു. നരിക്കുനി – കൊടുവള്ളി റോഡില്‍ ടൂവീലര്‍ പാര്‍ക്കിംഗ് വലത് വശത്ത് മാത്രമായും കുമാരസ്വാമി റോഡില്‍ ഇടതുവശത്തു മാത്രമായും ബൈക്ക് പാര്‍ക്കിംഗ് പരിമിതപ്പെടുത്തി. പടനിലം റോഡിലെ ബസ് സ്‌റ്റോപ്പ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് മുമ്പിലേക്ക് മാറ്റി. ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോ പാര്‍ക്കിംഗ് രണ്ട് വരിയായി നിജപ്പെടുത്തി. പഞ്ചായത്ത് ഓഫീസിന് സമീപം മെഡിക്കല്‍ ഷോപ്പിന് മുന്‍വശത്ത് ഗവ. ആശുപത്രിക്ക് അഭിമുഖമായി നാല് ഓട്ടോകള്‍ക്കുള്ള പാര്‍ക്കിംഗ് അനുവദിച്ച തീരുമാനത്തിനെതിരെ ഒരു സംഘം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെയുള്ള വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.
പള്ള്യാറക്കോട്ടക്ക് മുന്‍വശം ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിംഗും ഒരു വരിയിലായി ക്രമീകരിച്ചു. പാര്‍ക്കിംഗ് നിരോധിച്ച സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിച്ചു. പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കിയതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. പൊതുജനം സമ്പൂര്‍ണ സഹകരണമാണ് നല്‍കിയതെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം വിലയിരുത്തി.
ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസും നരിക്കുനിയില്‍ ക്യാമ്പ് ചെയ്തിരുന്നു.