Connect with us

Ongoing News

മറഡോണയെ മെസി മറികടന്നിരിക്കുന്നു : മാള്‍ഡീനി

Published

|

Last Updated

റോം: ലയണല്‍ മെസി പോയ നൂറ്റാണ്ടിന്റെ ഇതിഹാസതാരം ഡിയഗോ മറഡോണക്കും മുകളിലെത്തിക്കഴിഞ്ഞുവെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പോളോ മാള്‍ഡീനി. മെസിയാണ് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരം. അയാളുടെ കളിനിലവാരം പരിശോധിച്ചാല്‍ ഡിയഗോ മറഡോണക്കും മുകളിലാണെന്ന് പറയേണ്ടിവരും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെസി വാരിക്കൂട്ടിയ കിരീടജയങ്ങള്‍ മാത്രം മതി അയാളുടെ വലുപ്പമറിയാന്‍. ഇത് വെച്ച് നോക്കുമ്പോള്‍ മറഡോണയെ മെസി ഇതിനകം മറികടന്നിരിക്കുന്നു – പോള്‍ മാള്‍ഡീനി പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ലൂയിസ് എന്റിക്വെ ബാഴ്‌സലോണയുടെ പരിശീലകനായെത്തുമ്പോള്‍ ടീം മാറ്റത്തിന്റെ പാതയിലായിരുന്നു. എന്നാല്‍, മെസിയെ മുന്‍നിര്‍ത്തി എന്റിക്വെ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ ട്രിപ്പിള്‍ കിരീടമാണ് ബാഴ്‌സക്ക് നേടിക്കൊടുത്തത്. കോപ അമേരിക്കയിലും മെസിയുടെ മാന്‍ഓഫ്ദമാച്ച് പ്രകടനങ്ങളുടെ ബലത്തില്‍ അര്‍ജന്റീന കുതിക്കുന്നു.
ഇതു കാണുമ്പോഴാണ് ഫുട്‌ബോളിലെ മികച്ച പ്രതിരോധ നിരക്കാരിലൊരാളായി പരിഗണിക്കപ്പെടുന്ന മാള്‍ഡീനി മെസിയെ മറഡോണക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നത്. മെസിയും ബാഴ്‌സലോണയുടെ ഇപ്പോഴത്തെ നിരയും ഫുട്‌ബോളിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തേക്കാമെന്നും മാള്‍ഡീനി പറഞ്ഞു.
മെസി, നെയ്മര്‍, സുവാരസ് മുന്നേറ്റനിരയുടെ ഗോള്‍ സ്‌കോറിംഗ് പവറിനെയും മാള്‍ഡീനി അത്ഭുതത്തോടെയാണ് കാണുന്നത്. ഇറ്റലിക്ക് വേണ്ടി 126 മത്സരങ്ങള്‍ കളിച്ച മാള്‍ഡീനി എ സി മിലാന്റെ ഇതിഹാസ താരമാണ്.

Latest