ഫലസ്തീന്‍ വിവേചനം: അമേരിക്കയിലെ പ്രബല ക്രിസ്ത്യന്‍ സഭ ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കും

Posted on: July 2, 2015 5:53 am | Last updated: July 1, 2015 at 11:54 pm

വാഷിംഗ്ടണ്‍: ഇസ്‌റാഈലിന്റെ തെറ്റായ ഫലസ്തീന്‍ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രബല അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സഭയായ യുനൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്താന്‍ തീരൂമാനിച്ചു. ഇസ്‌റാഈല്‍ അധിനിവേശ ഫലസ്തീനില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാനും, ഇസ്‌റാഈല്‍ അധിനിവേശങ്ങള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി സഭ അറിയിച്ചു. തീരുമാനം നടപ്പിലാക്കാന്‍ 67 ശതമാനം വേണ്ടിടത്ത് ഫലസ്തീന് അനുകൂലമായി 80 ശതമാനം പേര്‍ വോട്ടു ചെയ്തു. ഇസ്‌റാഈല്‍ പൗരന്മാരുടെ കൃത്യമായ വര്‍ണവിവേചനത്തിനും അധിനിവേശത്തിനും ഇരയയ ഫലസ്തീന്‍ ഒറ്റക്കല്ലെന്നും അനീതിക്കെതിരെ ശക്തമായി നില്‍ക്കുമെന്നും സഭാ വക്താവ് മൈത്രി റഹേബ് പറഞ്ഞു.
അതേസമയം, ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന പ്രക്രിയയില്‍ യു സി സി യുടെ ഏകപക്ഷീയമായ ഈ തീരുമാനം ഞെട്ടിക്കുന്നതാണന്ന് അമേരിക്കന്‍- ജൂത കമ്മിറ്റി ഡയറക്ടര്‍ റബി മോറന്‍സ് നോം പറഞ്ഞു. ഈയിടെ അന്താരാഷ്ട്ര ചുറ്റുപാടുകളില്‍ നിലനില്‍ക്കുന്ന ബഹിഷ്‌ക്കരണ പ്രചാരണങ്ങള്‍ ഇസ്‌റാഈലിന്റെ സല്‍പ്പേര് ചോര്‍ത്തിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.