ഐ എം എഫ് ഫണ്ട് ഗ്രീക്ക് തിരിച്ചടച്ചില്ല; രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌

Posted on: July 2, 2015 5:52 am | Last updated: July 1, 2015 at 11:52 pm

ഏഥന്‍സ്: അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പയെടുത്ത തുക ഗ്രീക്ക് തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടതോടെ ആ രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഇന്നലെ രാത്രിയായിരുന്നു ഫണ്ട് തിരിച്ചടക്കാനുള്ള അവസാന സമയം. എന്നാല്‍ ഗ്രീക്കിന് തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പുതിയ പദ്ധതികള്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെക്കണമെന്നും ഗ്രീക്ക് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഇതോടെ ഐ എം എഫ് ഫണ്ട് തിരിച്ചടക്കാത്ത ആദ്യത്തെ വികസിത രാജ്യമായി ഗ്രീക്ക് മാറി. 2001ല്‍ സിംബാബ്‌വെയും ഇതേ അവസ്ഥ നേരിട്ടിരുന്നു. ഇവര്‍ക്ക് പുറമെ സോമാലിയയും സുഡാനും ഈ പട്ടികയില്‍ നേരത്തെ ഇടം പിടിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നുറപ്പായതോടെ ഗ്രീക്കിലെ മുഴുവന്‍ ബേങ്കുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ ദുരിതത്തിലായി. തുറന്നുവെച്ചിരുന്ന ചില എ ടി എമ്മുകളിലെ കാശ് വന്‍തോതില്‍ പലരും പിന്‍വലിക്കുകയും ചെയ്തു. അതേസമയം, പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ടി രാജ്യത്തെ പത്ത് ബേങ്കുകള്‍ നിശ്ചിത സമയത്തേക്ക് തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഈ മാസം അഞ്ചിന് ഹിതപരിശോധന പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകണോ എന്ന കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ഇത് അവസരം നല്‍കും. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ ആവശ്യം തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി ഗ്രീക്ക് ജനതയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.