Connect with us

Editorial

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ്

Published

|

Last Updated

കേന്ദ്രാവിഷ്‌കൃത ക്ഷേമപദ്ധതികള്‍ വീണ്ടും വെട്ടിക്കുറക്കുന്നു. നിലവിലുള്ള 72 പദ്ധതികള്‍ 30 ആയി ചുരുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കണ്‍വീനറായുള്ള നീതി ആയോഗിന്റെ ഉപസമിതി ശിപാര്‍ശ ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ക്കു തങ്ങളുടെ താത്പര്യമനുസരിച്ചു ചെലവാക്കാവുന്ന തുക 10 ശതമാനമാനത്തില്‍ നിന്ന് 25 ശതമാനമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് 2004ല്‍ 213ഉം 2005ല്‍ 207ഉം 2011ല്‍ 147ഉം കേന്ദ്രാവിഷ്‌കൃത പദ്ധതകളുണ്ടായിരുന്നു. അത് നിരന്തരം വെട്ടിക്കുറച്ചാണ് നിലവിലുള്ള 72 ആയത്. കേന്ദ്ര പദ്ധതികളുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താനുള്ള നടപടികളുടെ ഒന്നാം ഘട്ടമായി ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ബി കെ ചതുര്‍വേദി കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണ് 2012ല്‍ പദ്ധതികളുടെ എണ്ണം വെട്ടിച്ചുരുക്കിയത്. പദ്ധതികളുടെ ആധിക്യം മൂലം ശരിയായ രീതിയില്‍ ഫണ്ട് വിനിയോഗം നടക്കുന്നില്ലെന്നും ഇത് പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നുവെന്നുമാണ് വെട്ടിക്കുറവിന് കാരണമായി ചൂണ്ടിക്കാട്ടിയത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതു മുലം സര്‍ക്കാറിന് വന്‍ ചെലവ് വരുന്നുണ്ടെന്നും ധനക്കമ്മിക്ക് ഇതു കാരണമാകുന്നുവെന്നുമാണ് മറ്റൊരു ന്യായം. ഇതിന് പുറമെ ചെലവ് ചുരുക്കലിന്റെ പേരില്‍ പല ഘട്ടങ്ങളിലായി പദ്ധതിച്ചെലവുകളും കേന്ദ്രം വെട്ടിക്കുറക്കുകയുണ്ടായി. 2013ലെ ബജറ്റില്‍ ധനക്കമ്മി ചുരുക്കാനെന്ന പേരില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രപദ്ധതി സഹായത്തില്‍ 14 ശതമാനം കുറവുവരുത്തിയിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികളെ ഇത് ദോഷകരമായി ബാധിക്കുകയുണ്ടായി.
കേന്ദ്രം പിരിക്കുന്ന നികുതികളില്‍ നിന്നു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചതിന്റെ മറവില്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കി നടപ്പാക്കിയിരുന്ന 10 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിര്‍ത്തലാക്കി. ദേശീയ ഇ ഗവേണന്‍സ് കര്‍മപദ്ധതി, പൊലീസ് അടക്കമുള്ള സേനകളുടെ നവീകരണം, ആറായിരം മോഡല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കല്‍, കയറ്റുമതി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കേന്ദ്ര സഹായം, വിനോദസഞ്ചാര പശ്ചാത്തല വികസനം, പിന്നാക്ക പ്രദേശ ഗ്രാന്റ്, നോര്‍മല്‍ സെന്‍ട്രല്‍ അസിസ്റ്റന്‍സ്, അധിക സഹായങ്ങള്‍, പ്രത്യേക കേന്ദ്ര സഹായം, പ്രത്യേക പദ്ധതി സഹായങ്ങള്‍ എന്നിവയാണ് അന്ന് കേന്ദ്രം കൈയൊഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 56,825.03 കോടി ചെലവിട്ട ഈ പദ്ധതികള്‍ 14-ാം ധനകമീഷനില്‍നിന്ന് ലഭിക്കുന്ന അധിക തുക ഉപയോഗിച്ച് ഇനി സംസ്ഥാനങ്ങള്‍ തന്നെ നിര്‍വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. ഫലത്തില്‍ കേന്ദ്രം അധികതുക അനുവദിച്ചത് കേരളത്തിന് ദോഷകരമായി മാറുകയാണുണ്ടായത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 9519 കോടി രൂപയാണ് കേരളത്തിന് പ്രത്യേക സഹായമായി അനുവദിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയത് പോലെ സംസ്ഥാനങ്ങളുടെ വളര്‍ച്ചയിലും വികസനത്തിലും കേന്ദ്രം വഹിച്ചിരുന്ന പങ്കിന്റെ തോത് അടിക്കടി കുറഞ്ഞുവരുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ഉലച്ചില്‍ തട്ടാനും ഇടയാക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം പലപ്പോഴും പദ്ധതികളും അതിന്റെ വ്യവസ്ഥകളും തയാറാക്കുന്നതെന്നതിനാല്‍ കേരളത്തിന് വിശേഷിച്ചും കേന്ദ്ര നിലപാടുകള്‍ കൂടുതല്‍ വിനയാകാറുണ്ട്. കേന്ദ്രവിഹിതം നിശ്ചയിക്കുന്നതില്‍ 1971ലേതിന് പകരം 2011ലെ സെന്‍സസ് അനുസരിച്ചുള്ള ജനസംഖ്യക്ക് പ്രാമുഖ്യം നല്‍കിയ 14-ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ ഉദാഹരണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുന്നതില്‍ ജനസംഖ്യക്ക് പ്രധാനമായ പ്രാധാന്യമാണ് കമ്മീഷന്‍ നല്‍കിയത്. ഇത് ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നിലെത്തിയ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണെന്നും തദ്ദേശ സര്‍ക്കാറുകളുടെ കാര്യത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ പുരോഗതി വിലയിരുത്തി വേണം വിഹിതം തീരുമാനിക്കേണ്ടതെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
കേന്ദ്രാ വിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് ഫലപ്രദമാകണമെങ്കില്‍ അവയുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിനനുസരിച്ച് പദ്ധതിയില്‍ മാറ്റം വരുത്തുകയും വേണം. തൊഴിലുറപ്പ് പദ്ധതി കേവലം പുല്ലുചെത്തല്‍ പദ്ധതിയായി ചുരുങ്ങുന്നതിന്റെ കാരണമിതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും തനിച്ചു തീരുമാനമെടുക്കുന്ന പതിവിന് പകരം, ബന്ധപ്പെട്ട മറ്റു കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാറുകളുമായും കൂടിയാലോചിക്കുകയാണ് ഇതിന് പരിഹാരം. പദ്ധതി നടത്തിപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ കൂടുതല്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്.

Latest