ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: July 2, 2015 5:33 am | Last updated: July 1, 2015 at 11:35 pm

തിരുവനന്തപുരം: മോഡേണ്‍ മെഡിസിന്‍ വിഭാഗത്തിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള 2014 ലെ സംസ്ഥാന അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡോക്‌ടേഴ്‌സ് ദിന പരിപാടിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് തൃശൂര്‍ വലപ്പാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സിവില്‍ സര്‍ജന്‍ ഡോ. എ മാഹീനും, സ്വകാര്യമേഖലയിലെ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് തലശ്ശേരി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി എന്‍. ബാബു രവീന്ദ്രനും ഏറ്റുവാങ്ങി. സ്‌പെഷ്യല്‍ അപ്രീസിയേഷന്‍ അവാര്‍ഡുകള്‍ ചെങ്ങന്നൂര്‍ ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെര്‍ലി ഫിലിപ്പും തിരുവനന്തപുരം ആര്‍ സി സി യിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. ബിപിന്‍ തോമസ് വര്‍ഗീസും മന്ത്രിയില്‍നിന്ന് സ്വീകരിച്ചു. 15,000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.