കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

Posted on: July 1, 2015 12:30 pm | Last updated: July 1, 2015 at 12:30 pm

പാലക്കാട്: കളഞ്ഞുകിട്ടിയ 15,000 രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി. മലമ്പുഴ തോണിക്കടവ് ഭരതന്റെ മകന്‍ ബാബുരാജാണ് വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് പോലീസില്‍ ഏല്‍പ്പിച്ച് സത്യസന്ധത തെളിയിച്ചത്. മലമ്പുഴ കാണാനെത്തിയ കരിമ്പ പടിഞ്ഞാറെതൊടി വീട്ടില്‍ കെ വി വിനോദിന്റെ പണമാണ് നഷ്ടപ്പെട്ടത്. കുടുംബസമേതം മലമ്പുഴയിലെത്തിയ വിനോദ് തോണിക്കടവില്‍ നിന്നും മടങ്ങുമ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. പിന്നീട് ഇതുവഴി വന്ന ബാബുരാജിന് പേഴ്‌സ് ലഭിച്ചു.
ഉടന്‍തന്നെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏല്‍പ്പിച്ചു. ഇതിനിടെ തെക്കേമലമ്പുഴയില്‍ എത്തിയപ്പോഴാണ് വിനോദ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ തോണിക്കടവിലേക്ക് തിരിച്ചുവന്ന് തിരച്ചിലാരംഭിച്ചു. ഇതുകണ്ട പോലീസുകാരന്‍ വിവരം തിരക്കി ലഭിച്ചപേഴ്‌സും പണവും വിനോദിന്റേതാണെന്ന് ഉറപ്പുവരുത്തി തിരികെ നല്‍കുകയായിരുന്നു. സത്യസന്ധതകാട്ടിയ ഓട്ടോഡ്രൈവര്‍ ബാബുരാജിനെ മലമ്പുഴ എസ് ഐ എ അരവിന്ദാക്ഷന്‍ അഭിനന്ദിച്ചു.