ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റില്‍

Posted on: July 1, 2015 11:14 am | Last updated: July 1, 2015 at 11:14 am

പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ താമസിക്കുന്ന ദളിത് യുവതിയെ മോഹന വാഗ്ദനങ്ങള്‍ നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണാര്‍ക്കാട് വടക്കുമണ്ണ സ്വദേശി വാരിയത്തൊടി അല്‍സര്‍ (28)നെയാണ് ഞായറാഴ്ച പെരിന്തല്‍മണ്ണ ഡി വൈ എസ് പി പി എം പ്രദീപ് അറസ്റ്റ് ചെയ്തത്. ദളിത് യുവതിയുടെ പരാതി പ്രകാരമാണ് പോലീസ് ഇയാളെ വലയിലാക്കിയത്. യുവതിയെ മൊബൈല്‍ ഫോണ്‍ വീണ് പോയത് പ്രതിയുടെ സുഹൃത്തിന് ലഭിച്ചിരുന്നു.
ഇത് തിരിച്ച് കൊടുക്കാന്‍ പോയ സമയത്താണ് ഇവര്‍ തമ്മില്‍ പരിചിതരാവുന്നത്. മൊബൈലിലൂടെയുള്ള ബന്ധം പിന്നീട് വീട്ടില്‍ വെച്ചും പരാതിക്കാരിയുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് മേല്‍വിലാസം തിരുത്തുന്നതിന് തിരുവനന്തപുരത്തു പോയപ്പോള്‍ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചുവെന്നതാണ് പരാതിയില്‍ പറയുന്നത്. അന്യായക്കാരിയെ വിവാഹം കഴിക്കാത്തതിനെ തുടര്‍ന്ന് ചോദിക്കാനെത്തിയ യുവതിയുടെ മാതാവിനെയും മറ്റും പ്രതിയും കൂട്ടു പ്രതികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പ്രശ്‌നം കേസാകുമെന്ന് ഭയന്ന പ്രതി വിസ്റ്റിംഗ് വിസയില്‍ വിദേശത്തേക്ക് കയറുകയും തിരിച്ച് വന്നപ്പോഴാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐ ചെറൂട്ടി, സി പി ഒ ശശികുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.