പാതയോരങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കലക്ടറുടെ ഉത്തരവ്

Posted on: July 1, 2015 5:30 am | Last updated: June 30, 2015 at 10:46 pm

കാസര്‍കോട്: ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് അപകടം വരുത്താവുന്ന രീതിയിലുളള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ ആര്‍ഡിഒ യുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
പാതയോരങ്ങളില്‍ അപകടാവസ്ഥയിലായിരിക്കുന്ന മരങ്ങളാണ് മുറിച്ചുമാറ്റുക. ഇതു സംബ്‌നധിച്ച് പിഡബ്ല്യൂഡി റോഡ്‌സ്, എന്‍ എച്ച്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഡപ്യട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് ആര്‍ഡിഒ അനുമതി നല്‍കും. പൊതുജനത്തിന് അപകടം വരുത്തിവെക്കാവുന്ന രീതിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങളും നീക്കംചെയ്യും. ബേള സെന്റ് ബി എ എസ് ബി സ്‌കൂളിന് സമീപത്ത് അപകടാവസ്ഥയിലിരിക്കുന്ന മരങ്ങളും മുറിച്ച് നീക്കം ചെയ്യും. യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍, പിഡബ്ല്യൂഡി, എന്‍ എച്ച്, മുനിസിപ്പാലിറ്റി, വനം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.