Connect with us

Gulf

വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി

Published

|

Last Updated

ദുബൈ: വായ്പ തിരിച്ചടക്കുന്നതില്‍ മൂന്നു മാസത്തോളം വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബേങ്കുകള്‍ ഒരുങ്ങുന്നു. വായ്പകളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചാണ് ഉപഭോക്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമം തയ്യാറാക്കാന്‍ ബേങ്കുകള്‍ ഒരുങ്ങുന്നത്. തുടര്‍ച്ചയായ മൂന്നു മാസം വായ്പ ഘഡുക്കളില്‍ വീഴ്ചവരുത്തുകയോ ആറു മാസത്തോളം തുടര്‍ച്ചായായി തുക അടക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. നടപടിയുടെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ വായ്പയുടെ വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബേങ്കുമായും ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുമായും ബന്ധിപ്പിക്കും. മൂന്നു മാസം തുടര്‍ച്ചയായോ ആറു മാസത്തിനിടയില്‍ ഒരു ഘഡു പോലുമോ അടക്കാത്തവരെ ഏറ്റവും അപകടകാരികളായ ഉപഭോക്താക്കളുടെ പട്ടികയിലാവും ഉള്‍പെടുത്തുകയെന്ന് മുതിര്‍ന്ന ബേങ്ക് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികളുമായി ബേങ്കുകള്‍ മുന്നോട്ട് പോകും.
പ്രശ്‌നം സങ്കീര്‍ണമാകുന്നത് ഒഴിവാക്കാന്‍ വായ്പ എടുത്തവര്‍ കൃത്യമായി പണം തിരിച്ചടക്കാന്‍ ശ്രമിക്കണം. വായ്പ തിരിച്ചടക്കാത്ത ഉപഭോക്താവിന് തങ്ങളുടെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനോ രാജ്യത്തെ മറ്റേതെങ്കിലും ബേങ്കുകളുമായി സാമ്പത്തിക ഇടപാട് നടത്താനോ സാധ്യമാവില്ല. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തി ബേങ്കുകളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്ന ഉപഭോക്താക്കളെ സെന്‍ട്രല്‍ ബേങ്കും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 

Latest