ചരിത്രത്തിലേക്ക് ഒരു ടേക്ക് ഒാഫ്; സോളാര്‍ ഇംപള്‍സ് വിമാനം പസഫിക്കിന് കുറുകെ

Posted on: June 29, 2015 3:11 pm | Last updated: June 30, 2015 at 7:58 am
solar impulse flight
സോളാര്‍ ഇംപള്‍സ് വിമാനം പസഫിക് സമുദ്രം മുറിച്ചുകടക്കുന്നു. വിമാനത്തില്‍ നിന്നുള്ള ദൃശ്യം

ടോക്കിയോ: പസഫിക്ക് സമുദ്രത്തെ മുറിച്ചുകടക്കുകയെന്ന അങ്ങേയറ്റം സാഹസികമായ ദൗത്യവുമായി ലോകത്തിലെ ആദ്യ സൗര വിമാനം – സോളാര്‍ ഇംപള്‍സ്- പറന്നുയര്‍ന്നു. മധ്യജപ്പാനീസ് നഗരമായ നഗോയയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്കാണ് ചരിത്ര ദൗത്യത്തിന് തുടക്കമിട്ട് സോളാര്‍ ഇംപള്‍സ് ടേക്ക് ഓഫ് ചെയ്തത്. പസഫിക് സമുദ്രത്തെ ഭേദിച്ച് ഹവായ് ദ്വീപില്‍ ഇറങ്ങുകയെന്നതാണ് ദൗത്യം. അഞ്ച് പകലും അഞ്ച് രാത്രിയും നീണ്ട യാത്രക്കൊടുവില്‍ 7900 കിലോമീറ്റര്‍ താണ്ടി വേണം വിമാനത്തിന് ലക്ഷ്യത്തിലെത്താന്‍. സോളാര്‍ ഇംപള്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരമനുസരിച്ച് ടേക്ക് ഓഫ് ചെയ്ത് 15.30 മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ വിമാനം 1324 കിലോമീറ്റര്‍ താണ്ടിയിട്ടുണ്ട്. പസഫിക് സമുദ്രം കീറിമുറിച്ചുള്ള യാത്രയുടെ തത്സമയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി സോളാര്‍ ഇംപള്‍സ് വിമാനം ജപ്പാനില്‍ തങ്ങിയിരിക്കുകയായിരുന്നു. മടങ്ങി വരവില്ലാത്ത യാത്രയാണ് ഇതെന്ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് പൈലറ്റ് ആന്‍ഡ്രെ ബ്രോസ്‌ബെര്‍ഗ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബിയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് വിമാനം ചരിത്ര ദൗത്യം ആരംഭിച്ചത് .ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലൂടെ കടന്നുപോയ വിമാനം സഞ്ചാരത്തിന്റെ ആറ് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏഴാം ഘട്ടത്തിലാണ് പസഫിക്ക് സമുദ്രം മുറിച്ചുകടക്കുന്നത്.

വിമാനത്തിന്റെ യാത്ര – തത്സമയ സംപ്രേഷണം