മലബാറിലെ ഹൈടെക് പെണ്‍വാണിഭം: ഇടനിലക്കാരികളുടെയും ഇരകളായ പെണ്‍കുട്ടികളുടെയും മൊഴി ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി

Posted on: June 27, 2015 6:30 am | Last updated: June 27, 2015 at 10:32 am

rapeകാസര്‍കോട്; കേരളത്തിലെ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന ഹൈടെക് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥന്‍ ശേഖരിച്ച ഇടനിലക്കാരികളുടെയും ഇരകളായ പെണ്‍കുട്ടികളുടെയും മൊഴി ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഫഌറ്റുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും വാടക വീടുകളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ഉപയോഗിച്ച് പെണ്‍വാണിഭം നടത്തി വരികയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തെക്കുറിച്ചും ഇവര്‍ക്ക് ഒത്താശ നല്‍കിയ പതിനൊന്നോളം പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും രാഷ്ട്രീയപ്രമുഖരെക്കുറിച്ചും വിശദമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ഡി ജി പിക്ക് സമര്‍പ്പിച്ചിരുന്നത്.
ഇടനിലക്കാരികളായ രണ്ട് സ്ത്രീകളുടെയും പെണ്‍വാണിഭത്തിന് ഇരകളാക്കപ്പെട്ട പന്ത്രണ്ട് പെണ്‍കുട്ടികളുടെയും മൊഴികളും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പിലെ ചില ഉന്നതരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ടും മൊഴി പകര്‍പ്പുകളും പൂഴ്ത്തിവെക്കുകയും അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. പി ബാലനെ കാസര്‍കോട്ട് നിന്ന് സ്ഥലം മാറ്റുകയുമായിരുന്നു. ഇതോടെ അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തു.
സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മലബാര്‍ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന വി ഐ പി പെണ്‍വാണിഭം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഡി ജി പിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായിരുന്ന പി ബാലന്‍ പെണ്‍വാണിഭം സംബന്ധിച്ച് അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന സത്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്.
ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അഭിഭാഷകരും റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്ന വന്‍ ശൃംഖല തന്നെ ഈ പെണ്‍വാണിഭത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായി. കാഞ്ഞങ്ങാട് സ്വദേശിനിയും കണ്ണൂര്‍ ചാല സ്വദേശിനിയും കോഴിക്കോട്ടെ യുവാവുമാണ് പെണ്‍വാണിഭത്തിന്റെ ഇടനിലക്കാരെന്ന് തെളിഞ്ഞു. കണ്ണൂരിലെയും കോഴിക്കോട്ടെയും ഫഌറ്റുകളിലേക്കും കാസര്‍കോട് ജില്ലയിലെ ക്വാര്‍ട്ടേഴ്‌സുകളിലേക്കും വാടക വീടുകളിലേക്കും ഇടപാടുകാരെ വിളിച്ചുവരുത്തിയാണ് പെണ്‍വാണിഭം തകൃതിയാക്കിയത്. ഇരകളെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനികളായും അധ്യാപികമാരായും അഭിഭാഷകളായും നഴ്‌സുമാരായുമൊക്കെ അവതരിപ്പിച്ചാണ് ഇടപാടുകാര്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നത്. ചോദിക്കുന്ന പണം കിട്ടുന്നതിന് വേണ്ടിയാണ് ഈ തന്ത്രം.
ഇടപാടുകാരില്‍ ഏറേയും മധ്യവയസ് പിന്നിട്ടവരുമായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ വലയിലകപ്പെട്ട പന്ത്രണ്ടോളം പെണ്‍കുട്ടികളെയും ഇടനിലക്കാരായ സ്ത്രീകളെയും ഡി വൈ എസ് പി ചോദ്യം ചെയ്തപ്പോഴാണ് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള മുഴുവന്‍ പേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചത്. പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്ത കാര്യം ഇടനിലക്കാരികള്‍ പെണ്‍വാണിഭ മാഫിയാസംഘത്തെ അറിയിച്ചതോടെ ഇവര്‍ തങ്ങളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുംകാര്യം അറിയിക്കുകയും ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കുകയുമായിരുന്നു. ഭരണകക്ഷിയില്‍പ്പെട്ട ചില നേതാക്കള്‍ക്ക് ബന്ധമുള്ളതിനാലാണ് അന്വേഷണം അട്ടിമറിച്ചതെന്ന സംശയമാണ് നിലനില്‍ക്കുന്നത്.
അതിനിടെ ഇടനിലക്കാരികളില്‍ ഒരാള്‍ എച്ച് ഐ വി ബാധിതയാണെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥന്‍ ഉന്നതപോലീസ് അധികാരികളെ അറിയിച്ചിരുന്നു. ഇക്കാര്യവും മറച്ചുവെക്കപ്പെട്ടു. ഇടനിലക്കാരി എച്ച് ഐ വി ബാധിതയാണെന്നറിയാതെ ഈ സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ ഇനിയും ഇടപാടുകാര്‍ വരുമെന്നിരിക്കെ വലിയൊരു വിപത്ത് തടയുകയെന്ന ഉദ്ദേശത്തോടെയെങ്കിലും നടപടി കൈക്കൊള്ളാതെ സമൂഹം അനിവാര്യമായും അറിയേണ്ട രഹസ്യം ഒളിപ്പിച്ചു വെച്ച പോലീസ് അധികാരികള്‍ അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്.