ബീവറേജസ് ഔട്ട്‌ലറ്റുകളില്‍ പത്ത് ശതമാനം ഒക്‌ടോബറോടെ അടച്ചുപൂട്ടും: മന്ത്രി

Posted on: June 27, 2015 12:24 am | Last updated: June 27, 2015 at 10:59 pm

കൊച്ചി: ഒക്ടോബറോടെ നിലവിലുള്ള ബിവേറേജസ് ഔട്ട്‌ലെറ്റുകളുടെ പത്ത്ശതമാനം കൂടി അടച്ച് പൂട്ടുമെട്ട് മന്ത്രി കെ ബാബു. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇതിന് മുമ്പും അടച്ച് പൂട്ടിയിരുന്നു. മദ്യനയത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം വീടുകളിലെ മദ്യപാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വലിയൊരു ശതമാനം ഇപ്പോഴും മദ്യത്തിന് അടിപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മദ്യ ഉപഭോഗ വര്‍ധന 17 ശതമാനമായിരുന്നു. ഇത് എട്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ മദ്യനയം കര്‍ക്കശനമാക്കിയതും വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ലഹരി വിരുദ്ധ ബോധവത്കരണവുമായി രംഗത്തിറങ്ങിയതും ഇതിന് സഹായകരമായിട്ടുണ്ട്. കാര്യനിര്‍വഹണവും നിയന്ത്രണവുമാണ് എക്‌സൈസ് വകുപ്പിന്റെ ചുമതല. എന്നാലിപ്പോള്‍ ബോധവത്കരണം കൂടി എക്‌സൈസ് വകുപ്പ് പ്രധാന കര്‍ത്തവ്യമായി ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സായ എക്‌സൈസ് വകുപ്പിന്റെ വരുമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താനാണ് ‘സുബോധം’ പദ്ധതി ആരംഭിച്ചത്. ജനപങ്കാളിത്തത്തോടെ ഇത് കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ അക്കാദമിക് വര്‍ഷം തന്നെ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ സ്ഥാപിക്കും. മദ്യോപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്താന്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യോപയോഗത്തില്‍ മാത്രമല്ല മയക്കമരുന്നിന്റെ ഉപയോഗത്തിലും തടയിടേണ്ടതുണ്ട്. ഇതിനായി ആന്റി നാര്‍ക്കോട്ടിക്‌സ് കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തണം. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രതിജ്ഞ മന്ത്രി വി.കെ ഇബ്‌റാഹിംകുഞ്ഞ് ചൊല്ലിക്കൊടുത്തു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മികച്ച സന്നദ്ധ പ്രവര്‍ത്തകനായി തിരഞ്ഞെടുത്ത അഡ്വ. ചാര്‍ളി പോളിനേയും മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകളേയും വ്യക്തികളേയും ചടങ്ങില്‍ ആദരിച്ചു. മേയര്‍ ടോണി ചമ്മണി, ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം, ലൂഡി ലൂയിസ് എം എല്‍ എ, ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ, കൗണ്‍സിലര്‍ സുധാ ദീലിപ്, സിറ്റി പോലീസ് കമ്മീഷണ്‍ കെ ജി ജെയിംസ്, ഹയര്‍ സെക്കന്‍ഡറി റീജിണല്‍ ഡയറക്ടര്‍ പി.എം മായ, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.വി മുരളി കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ മോന്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സൂപ്രണ്ട് വേണുഗോപാല്‍ ജി കുറുപ്പ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. എല്‍ ആര്‍ മധുജന്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രഭാഷണം നടത്തി.