Connect with us

Eranakulam

റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: ആദായ നികുതി വകുപ്പ് വഞ്ചിച്ചെന്ന് നഴ്‌സുമാര്‍

Published

|

Last Updated

കൊച്ചി: മാര്‍ച്ച് 26 മുതല്‍ അല്‍ സറാഫ ഏജന്‍സിയില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പകുതിയോളം തുക വകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്ന് നഴ്‌സുമാര്‍. റെയ്ഡിന് മുമ്പ് ഏപ്രില്‍ മാസത്തില്‍ തന്നെ തങ്ങളെ കുവൈറ്റിലേക്ക് പോകുന്നതിനുള്ള ടിക്കറ്റും വിസയും തയ്യാറാണെന്ന് ഏജന്‍സിയില്‍ നിന്ന് അറിയിച്ചിരുന്നതാണെന്നും അതനുസരിച്ച് പാസ്‌പോര്‍ട്ടും ടിക്കറ്റും വിസയും കൈപ്പറ്റുന്നതിനായി എത്തിയ ഉദ്യോഗാര്‍ത്ഥികളെയാണ് ആദായ നികുതി വകുപ്പ് വഞ്ചിച്ചതെന്നും ഇവര്‍ പറഞ്ഞു.
റെയ്ഡിനിടയില്‍ തങ്ങളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കൈപ്പറ്റാന്‍ എത്തിയ ഉദ്യോഗാര്‍ത്ഥികളോട് അല്‍ സറാഫക്ക് കൊടുക്കാനുള്ള തുക മുഴുവനും നല്‍കാതെ രേഖകളൊന്നും നല്‍കാന്‍ പറ്റില്ലെന്നും അല്ലാത്ത പക്ഷം പാസ്‌പോര്‍ട്ട് അഞ്ച് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. കുവൈറ്റിലേക്ക് പോകുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ നേഴ്‌സുമാരാണ് പണം നല്‍കാന്‍ നിര്‍ബന്ധിതരായത്. വാങ്ങിയ തുകക്ക് തെളിവായി യാതൊരു തരത്തിലുമുള്ള രശീതും വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അഞ്ഞൂറോളം പേരുടെ പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നായും ആരോപിക്കുന്നു.
ഈ കേസില്‍ സി ബി ഐയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പിന്നീടെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു നിബന്ധനയും കൂടാതെ രേഖകള്‍ തിരികെ നല്‍കുകയും ചെയ്തു. പണത്തെ സംബന്ധിച്ച് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ കോടതിയെ സമീപിക്കാന്‍ പറഞ്ഞതായും ഇവര്‍ പറയുന്നു.