Connect with us

Gulf

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാലം

Published

|

Last Updated

സാമൂഹിക മാധ്യമം വഴി അപമാനിക്കുന്നതിനെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയാണ് യു എ ഇയില്‍ വരാന്‍ പോകുന്നത്. ഈയിടെ അതിന്റെ സൂചന കണ്ടു. വാട്‌സ്ആപ്പില്‍ അപമാനപ്പെടുത്തിയതിന് ഒരാള്‍ക്ക് യു എ ഇ പരമോന്നത കോടതി 2.5 ലക്ഷം ദിര്‍ഹമാണ് പിഴ വിധിച്ചത്. കീഴ് കോടതി 3000 ദിര്‍ഹമായിരുന്നു വിധിച്ചിരുന്നത്. ഇത് അപര്യാപ്തമെന്ന് കണ്ട് പരമോന്നത കോടതി പിഴ സംഖ്യ കുത്തനെ ഉയര്‍ത്തി.
വിദേശിക്കെതിരെയാണ് വിധിയെങ്കില്‍ പിഴക്കൊപ്പം നാടുകടത്തലുമുണ്ടാകും.
സ്മാര്‍ട് ഫോണ്‍ വ്യാപിച്ച കാലമായതിനാല്‍ മിക്ക ആളുകളും സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിക്കുന്നവരാണ്. വിവരങ്ങള്‍ വേഗം ലോകത്തെ അറിയിക്കാനും അഭിപ്രായം രേഖപ്പെടുത്താനും വെമ്പല്‍ കൊള്ളുന്നവരാണ് ഏറെയും. ഒടുവില്‍, ആര്‍ക്കെതിരെയും എന്തും എഴുതാം എന്ന അവസ്ഥ വന്നിരിക്കുന്നു.
യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരും “ഫോട്ടോഷോപ്പി”ന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവരും വ്യാപകമായികാണാം. വലിയ പ്രത്യാഘാതമാണ് ഇത് സൃഷ്ടിക്കുന്നത്. ഈയിടെ പാക്കിസ്ഥാനില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ ഒരു യുവാവ് മറ്റൊരു യുവാവിന് നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ഫോട്ടോ എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഇത് കണ്ട പോലീസുകാരന്‍, തോക്കു ചൂണ്ടിയ യുവാവിനെ വെടിവെച്ചുവീഴ്ത്തി. തോക്കു ചൂണ്ടിയ യുവാവ് കൊള്ളക്കാരനെന്ന് പോലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം യുവാക്കളില്‍ വര്‍ധിച്ചതിന്റെയും അപകടം വരുത്തിവെക്കുന്നതിന്റെയും ഉദാഹരണമാണിത്.
രാഷ്ട്രീയമായ അഭിപ്രായ രൂപവത്കരണത്തിന് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നവരുണ്ട്. അതില്‍ തെറ്റില്ല. എന്നാല്‍, സമൂഹം അംഗീകരിക്കുന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഉചിതമല്ല. അതില്‍, കുറ്റകൃത്യം ഒളുഞ്ഞിരിപ്പുണ്ട്. കേരളത്തിലെ ഒരു നേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് കേസില്‍പ്പെട്ടിരിക്കുന്നു.
അപമാനകരമായ പോസ്റ്റുകള്‍ പയറ്റുന്നതില്‍ ഗള്‍ഫ് മലയാളികളാണ് മുന്‍പന്തിയില്‍. ഇത്തരക്കാര്‍ നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാകും. പോലീസ് കേസെടുത്തിട്ടുണ്ടെങ്കില്‍ കുടുങ്ങും. സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള പോസ്റ്റുകള്‍ ചിലര്‍ സൃഷ്ടിക്കുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ വിമര്‍ശനങ്ങളുണ്ട്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്നത് പ്രശ്‌നം സൃഷ്ടിക്കും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കാരണം വന്‍ നഷ്ടമാണ് മധ്യപൗരസ്ത്യദേശം നേരിടുന്നത്. നൂറുകോടി ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ബേങ്ക് എക്കൗണ്ടില്‍ നിന്ന് പണം കവരുക, വൈറസ് അയച്ച് വെബ്‌സൈറ്റുകള്‍ തകര്‍ക്കുക തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ അധികൃതര്‍ക്കും പൗരന്മാര്‍ക്കും ഒരേപോലെ തലവേദന.
നിഗൂഡ കേന്ദ്രങ്ങളില്‍ നിന്ന് ചരടുവലിച്ച് എ ടി എം കൊള്ളനടത്തുന്ന സംഘങ്ങളുണ്ട്. ദുബൈ പോലീസിന്റെ ഇ-കുറ്റകൃത്യ വിരുദ്ധ വിഭാഗം ഇത്തരത്തിലുള്ള കൊള്ള പലതും ചെറുത്തു തോല്‍പിച്ചതായി ദുബൈ പോലീസ് അസി. കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി. 901, ഇ കുറ്റകൃത്യമാണ് ജനുവരി മുതല്‍ ജൂണ്‍ വരെ തകര്‍ത്തത്. ഇതു വഴി 90 ലക്ഷം ദിര്‍ഹം ലാഭിക്കാന്‍ കഴിഞ്ഞു.
ദുബൈ പോലീസില്‍ 58 വിദഗ്ധരുണ്ട്. ഇവര്‍ വിദേശത്തുപോയി പഠിച്ച് നേടിയ അറിവ് പരമാവധി ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നു. എന്നാലും ഓരോരുത്തരും സ്വയം ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യം.

Latest