പള്ളിക്കല്‍ പഞ്ചായത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു

Posted on: June 26, 2015 3:03 pm | Last updated: June 26, 2015 at 3:03 pm

കൊണ്ടോട്ടി: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സാമൂഹ്യസേവന പദ്ധതി പ്രകാരം പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ച സോളാര്‍ പാനലിന്റെ ഉദ്ഘാടനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു. പത്ത് ലക്ഷം ചെലവില്‍ 24 പാനലുകളാണ് സ്ഥാപിച്ചത്. ഇത് വഴി ലഭിക്കുന്ന എട്ട് വാട്ട് വൈദ്യുതി ഉപയോഗിച്ച് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനവും ഫ്രണ്ട് ഓഫീസും പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് തടസമില്ലാതെ സേവനം ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങള്‍ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ചരിത്രം ആസ്പദമാക്കി തയാറാക്കിയ ഡോക്യുമെന്ററിയും പുസ്തകവും പ്രകാശനം ചെയ്തു. ഹില്‍ ഏരിയാ ഡവലപ്‌മെന്റ് ഏജന്‍സി (ഹാഡ), പള്ളിക്കല്‍ കൃഷിഭവന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫ്രൂട്ട്‌സ് കിറ്റുകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി വല്‍സല, സെക്രട്ടറി എ സി അശോകന്‍, എ അബ്ദുല്‍ ഖാദര്‍, അലി അക്ബര്‍, അബൂബക്കര്‍ ഹാജി, എം ബാലകൃഷ്ണന്‍, വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.