തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ ചോര്‍ന്നൊലിക്കുന്നതായി പരാതി

Posted on: June 26, 2015 2:56 pm | Last updated: June 26, 2015 at 2:56 pm

ഗൂഡല്ലൂര്‍: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ചോര്‍ന്നൊലിക്കുന്നതായി പരാതി. ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ചോര്‍ന്നൊലിക്കുന്നത്. ചോര്‍ച്ച കാരണം യാത്രക്കാര്‍ കുടപിടിച്ചിരിക്കേണ്ട അവസ്ഥയിലാണുള്ളത്. ഓവാലി, പാട്ടവയല്‍, പന്തല്ലൂര്‍, ചേരമ്പാടി, കരിയശോല, അത്തിക്കുന്ന്, പാക്കണ തുടങ്ങിയ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ചോര്‍ന്നൊലിക്കുന്നത്. ഡിപ്പോ അധികൃതരോട് ഇതുസംബന്ധിച്ച് പരാതിപ്പെട്ടിട്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു. കാലപ്പഴക്കം ചെന്ന ബസുകളാണ് ഇപ്പോഴും പല ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തുന്നത്. മഴക്കാലങ്ങളിലാണ് യാത്രക്കാരുടെ ദുരിത യാത്ര. ബസിലെ സീറ്റുകളില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാ ഭാഗത്തും ചോര്‍ച്ചയാണ്. ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.