Connect with us

Malappuram

പെണ്‍കുട്ടികളെ ശല്യം ചെയ്ത രണ്ട് പൂവാലന്‍മാരും എട്ട് വിദ്യാര്‍ഥികളും പിടിയില്‍

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ പരിസരത്ത് കറങ്ങി പെണ്‍കുട്ടികളെ ശല്യം ചെയ്ത രണ്ട് പൂവാലന്‍മാരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ കീഴിലുള്ള ഈവ് ടീസിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പിടികൂടി.
മലപ്പുറം ചെമ്മങ്കടവ് സ്വദേശി മൊയ്തീന്‍ ഫസീഹ് (19), മലപ്പുറം കുന്നുമ്മല്‍ അജ്മല്‍ (23) എന്നിവരെയാണ് എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ഇവരെ മലപ്പുറം എസ് ഐക്ക് കൈമാറി.
അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പഠന സമയത്ത് മലപ്പുറം കോട്ടക്കുന്ന് പരിസരത്ത് വിദ്യാര്‍ഥികള്‍ ക്ലാസില്‍ പോവാതെ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ട സ്‌ക്വാഡ് അംഗങ്ങള്‍ ഇന്നലെ കോട്ടക്കുന്നില്‍ നടത്തിയ പരിശോധനയില്‍ എട്ട് വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളെയും പിടികൂടി. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്താണ് വിട്ടയച്ചത്.
ഇതോടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഈവ് ടീസിംഗ് സ്‌ക്വാഡിന്റെ പിടിയിലകപ്പെട്ടത് 280 ഓളം വിദ്യാര്‍ഥികളാണ്. ഇതില്‍ കൂടുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളുമാണ്. ഇങ്ങനെ പിടികൂടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പണവും യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവും പരിശോധനയില്‍ കണ്ടെടുത്തുവെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു.
ആറ് വനിതകളും മൂന്ന് പുരുഷന്‍മാരും അടങ്ങുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരാണ് സ്‌ക്വാഡിലുള്ളത്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ മൂന്ന് ഡിവിഷനുകളാക്കി തിരിച്ചാണ് സ്‌ക്വാഡ് അംഗങ്ങള്‍ പൂവാലന്‍മാരെയും സ്‌കൂള്‍ കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും പിടികൂടാന്‍ രംഗത്തുള്ളത്. മഫ്തി വേഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധന വരും ദിവസങ്ങളിലും തുടരും.

Latest