സഭാ സമ്മേളനം 29ന് പുനരാരംഭിക്കും

Posted on: June 26, 2015 6:00 am | Last updated: June 26, 2015 at 11:51 pm

niyamasabha_3_3തിരുവനന്തപുരം: പതിമൂന്നാം കേരളാ നിയമസഭയുടെ 14ാം സമ്മേളനം 29ന് പുനരാരംഭിക്കും. അടുത്ത മാസം 30വരെയാണ് സമ്മേളനം. ഈ മാസം എട്ടിന് ചേര്‍ന്ന കാര്യോപദേശക സമിതി തീരുമാനം അനുസരിച്ചാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമ്മേളനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ കലണ്ടര്‍ പ്രകാരം ആകെ 22 ദിവസമാണ് സഭ സമ്മേളിക്കുന്നത്. 2015- 16 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയോടെയാണ് സമ്മേളനം പുനരാരംഭിക്കുന്നത്. വകുപ്പുതിരിച്ചുള്ള ചര്‍ച്ചയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ധനാഭ്യര്‍ഥന ചര്‍ച്ച ഈ മാസം 29, 30, ജൂലൈ 1, 2, 6, 7, 8, 9, 13, 14, 15, 20, 21 എന്നീ ദിവസങ്ങളിലായി നടക്കും. 13 ദിവസമാണ് ചര്‍ച്ചകള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.
ജൂലൈ 23ന് 2015-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 24ന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ മേശപ്പുറത്തുവെക്കും. 28ന് ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. ജൂലൈ 10, 24 എന്നീ വെള്ളിയാഴ്ചകള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി മാറ്റിവെച്ചിട്ടുണ്ട്. 22, 27, 29, 30 ദിവസങ്ങളില്‍ ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പരിഗണിക്കും. ഏതൊക്കെ ബില്ലുകളാണ് പരിഗണിക്കുക എന്നത് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
ജൂലൈ 16 മുതല്‍ 19വരെ സഭ ചേരുന്നില്ല. കഴിഞ്ഞ സഭാ സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച അഞ്ച് ഓര്‍ഡിനന്‍സുകളാണ് നിയമമാക്കാനുള്ളത്. സാങ്കേതിക സര്‍വകലാശാല, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ്, റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഡിനന്‍സ്, മുന്നാക്ക കമ്മീഷന്‍ ഓര്‍ഡിനന്‍സ് തുടങ്ങിയവയാണിത്.